വിവാദ ഭൂമി തിരിച്ചെടുക്കും; സമ്മതമറിയിച്ച് സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് കത്തയച്ച് മുഡ, 14 പ്ലോട്ടുകൾ തിരിച്ചെടുക്കാൻ ഉത്തരവ്

വിവാദമായ മുഡ ഭൂമി തിരിച്ചെടുക്കാൻ സമ്മതമറിയിച്ച് സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവതിക്ക് കത്ത്. മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി അനുവദിച്ച 14 പ്ലോട്ടുകൾ തിരിച്ചെടുക്കാൻ മുഡ കമ്മീഷണർ എ എൻ രഘുനന്ദൻ ഉത്തരവിറക്കി. വിവാദ ഭൂമി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർവതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

മകൻ എംഎൽസി ഡോ. യതീന്ദ്ര മുഖേനയാണ് പാർവതി കത്ത് കമ്മീഷണർക്ക് നൽകിയത്. പിന്നാലെ സൈറ്റുകൾ തിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. പാർവതിയുടെ പേരിലുള്ള ഭൂമി ഏറ്റെടുത്തതിന് പകരമായിട്ടായിരുന്നു 14 പ്ലോട്ടുകൾ അനുവദിച്ചത്. ഈ 14 പ്ലോട്ടുകളും തിരിച്ചെടുക്കാൻ സമ്മതമാണെന്നറിയിച്ചാണ് മുഡ കമ്മീഷണർ എ എൻ രഘുനന്ദൻ ഉത്തരവിറക്കിയിട്ടുള്ളത്.

മൈസൂരു താലൂക്കിലെ കേസരെ വില്ലേജിലെ 464 സർവേ നമ്പരിലുള്ള 3.16 ഏക്കർ ഭൂമി ഏറ്റെടുക്കാതെ മുഡ ഉപയോഗിച്ചുവെന്നാരോപിച്ചാണ് പാർവതിക്ക് മൈസൂരിലെ വിജയനഗർ III, IV സ്റ്റേജുകളിലെ 14 ബദൽ സൈറ്റുകൾ അനുവദിച്ചത്. പാർവതിയുടെ കത്ത് ലഭിച്ചതിനെത്തുടർന്ന് വ്യവസ്ഥകൾ പരിശോധിച്ച് വിദഗ്ധരോട് നിയമോപദേശം തേടുകയും അനുവ​ദിച്ച സൈറ്റുകൾ തിരിച്ചെടുക്കാൻ കഴിയുമോയെന്ന് പരിശോധിക്കുകയും സാധ്യമാണെന്ന് കണ്ടെത്തുകയും ചെയ്തതിനാൽ ഉത്തരവിടുകയായിരുന്നുവെന്ന് രഘുനന്ദൻ പറഞ്ഞു.

നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഭൂമി തിരികെ നൽകാനുള്ള തീരുമാനം സ്വയമെടുത്തതായി പാർവതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർക്കെതിരെ സമർപ്പിച്ച എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത പൊലീസ് കേസ് അന്വേഷിക്കുന്നത്. സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമി, ജെ ദേവരാജു എന്നിവർക്കെതിരെ സെപ്തംബർ 27ന് ലോകായുക്ത പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിരുന്നു.

ഭർത്താവിന്റെ അന്തസിലും വലുതല്ല ഒരു ഭൂമിയും എന്ന് വ്യക്തമാക്കിയാണ് മുഡ അഴിമതിയുമായി ബന്ധപ്പെട്ട് വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബി എം പാര്‍വതി രംഗത്തെത്തിയത്. കേസിൽ ഇ ഡി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു നടപടി. മുഡയുടെ 50:50 ഭൂമി കൈമാറ്റ പദ്ധതിയില്‍ അനുവദിച്ച 14 പ്ലോട്ടുകള്‍ തിരിച്ചെടുക്കണമെന്നായിരുന്നു പാര്‍വതിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പാര്‍വതി മൈസൂരു നഗരവികസന അതോറിറ്റിക്ക് കത്തെഴുതി. മുഡ അഴിമതി അന്വേഷിക്കാന്‍ ലോകായുക്ത, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ് സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയുടെ നീക്കം. ഇരു കേസുകളിലും രണ്ടാം പ്രതിയാണ് പാര്‍വതി.

Read more