മദ്യം വാങ്ങണമെങ്കില്‍ 'കൊറോണ ഫീ’ നല്‍കണം;  70 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍

മദ്യത്തിന് 70 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. ‘സ്പെഷൽ കൊറോണ ഫീ’ എന്നപേരിലാണ് നികുതി നടപ്പാക്കുകയെന്ന് ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാൾ സർക്കാർ തിങ്കളാഴ്ച രാത്രി വൈകി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മദ്യത്തിന്റെ ബോട്ടിലിൽ രേഖപ്പെടുത്തിയ എംആർപിയുടെ 70 ശതമാനം നികുതിയാണ് പുതുതായി ഈടാക്കുക.  ചൊവ്വാഴ്ച മുതല്‍ ഉയര്‍ന്നനിരക്ക് ബാധകമാകുമെന്ന് ഉത്തരവിൽ പറയുന്നു. രാവിലെ ഒൻപതു മുതൽ വൈകിട്ട് 6.30 വരെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കാൻ പൊലീസ് അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.

ഇനിമുതൽ 1000 രൂപ വില വരുന്ന മദ്യത്തിന് ‘സ്പെഷൽ കൊറോണ ഫീ’ ഉൾപ്പെടെ 1,700 രൂപ നൽകേണ്ടി വരും. ലോക്‌ഡൗണിൽ വിൽപന നികുതി വരുമാനം കുറഞ്ഞ ഡൽഹി സർക്കാർ മദ്യവിൽപ്പനയിൽ ഏർപ്പെടുത്തുന്ന പ്രത്യേക നികുതിയിലൂടെ കൂടുതൽ വരുമാനമാണ് ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.

അധിക ലോക്‌ഡൗണിന്റെ ഭാഗമായി ചില നിയമങ്ങൾക്ക് ഇളവു നൽകിയ പശ്ചാത്തലത്തിൽ തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി കെജ്‌രിവാളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലും മദ്യത്തിന് 70 ശതമാനം പ്രത്യേക അധിക നികുതി ഏർപ്പെടുത്തുന്നത് ചർച്ച ചെയ്തതായാണ് പേരു വെളിപ്പെടുത്താത്ത ചിലരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. 2019 ഏപ്രിലിൽ ഡൽഹിയിൽ 3,500 കോടി രൂപയുടെ നികുതി വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് ലോക്‌ഡൗണിൽ അത് 300 കോടി രൂപ‌ മാത്രമായി ഇടിഞ്ഞിരുന്നു.

ലോക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ തിങ്കളാഴ്ച തന്നെ മദ്യവില്‍പന തുടങ്ങിയിരുന്നു. അകലം പാലിക്കണമെന്ന് കര്‍ശന നിയന്ത്രണമുണ്ടായിരുന്നെങ്കിലും മിക്കയിടത്തും വന്‍തിക്കും തിരക്കുണ്ടായി. മദ്യഷാപ്പുകള്‍ അടച്ചിടുകയും ഡല്‍ഹിയില്‍ പൊലീസ് ലാത്തി വീശ‌ുന്ന സ്ഥിതിയുമുണ്ടായി.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയന്ത്രണങ്ങളോടെ മദ്യവില്‍പന തുടങ്ങിയത്. കൗണ്ടറുകള്‍ തുറന്നതോടെ പലയിടത്തും നിയന്ത്രണം കൈവിട്ടു. ഡല്‍ഹി ദരിയാഗഞ്ചിലാണ് മദ്യത്തിനായി കൂട്ടംകൂടിയവരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തി വീശിയത്. വേവുവോളം കാത്തിരിക്കാമെങ്കില്‍ ആറുവോളം കാത്തിരിക്കാമെന്ന് മനസില്‍ പറഞ്ഞ് ക്ഷമയോടെ അകലം പാലിച്ച് സാമൂഹിക ഉത്തരവാദിത്വം കൂടി നിറവേറ്റി കിലോമീറ്റര്‍ നീളുന്ന ക്യൂ നിന്ന് മദ്യം വാങ്ങി മടങ്ങിയവരുമുണ്ട്.

Read more

ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് തിങ്കളാഴ്ച തുറന്നത്. ഉത്തര്‍പ്രദേശില്‍ ഷോപ്പിംഗ് മാളുകളിലുള്ള മദ്യക്കടകള്‍ തുറന്നില്ല. ബംഗാളില്‍ മദ്യത്തിന് 30 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു. ഒരു സംസ്ഥാനത്തും ബാറുകള്‍ക്ക് അനുമതി നൽകിയില്ല.