വന്ദേമാതരത്തിന് ജനഗണമനയുടെ തുല്യപദവി നല്‍കണമെന്ന് ഹര്‍ജി; നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ്

‘വന്ദേമാതര’വും ദേശീയഗാനത്തിന് സമാനമായ രീതിയില്‍ ആദരിക്കപ്പെടുന്നതിന് ് പ്രത്യേക നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന്റെയും ഡല്‍ഹി സര്‍ക്കാറിന്റെയും അഭിപ്രായം തേടി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയുടെ ഹര്‍ജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘി, ജസ്റ്റിസ് സച്ചിന്‍ ദത്ത എന്നിവരാണ് കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസയച്ചത്.

‘ജനഗണമന’യും ‘വന്ദേമാതര’വും എല്ലാ പ്രവൃത്തിദിവസവും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആലപിക്കണമെന്ന ഹര്‍ജിയിലെ ആവശ്യത്തില്‍ എന്‍സിഇആര്‍ടിയോടും കോടതി വിശദീകരണം തേടി. അതേസമയം കോടതി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഹര്‍ജിയുടെ കാര്യം പരസ്യമാക്കിയതിനെ കോടതി വിമര്‍ശിച്ചു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹര്‍ജി നല്‍കിയത് എന്ന പ്രതീതിയാണ് ഇത് സൃഷ്ടിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

വന്ദേമാതര’ത്തെ ആദരിക്കുന്നതിനായി പ്രത്യേക നിയന്ത്രണങ്ങളോ മാര്‍ഗനിര്‍ദേശങ്ങളോ ഇല്ലാത്തതിനാല്‍ അപരിഷ്‌കൃതമായ രീതിയിലാണ് ആലപിക്കപ്പെടുന്നതെന്നും സിനിമകളിലും പാര്‍ട്ടികളിലും ദേശീയ ഗീതം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ചരിത്രപരമായ പങ്കുവഹിച്ച ഗാനമാണ് ‘വന്ദേമാതര’മെന്നും ഡോ രാജേന്ദ്രപ്രസാദ് നടത്തിയ പ്രസ്താവന അനുസരിച്ച് ‘വന്ദേമാതരം’ ‘ജനഗണമന’യോളം തന്നെ ഈ ഗാനം ആദരിക്കപ്പെടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.