ജനങ്ങൾ മരിച്ചു കൊണ്ടിരിക്കുമ്പോൾ സർക്കാർ വ്യവസായത്തെ കുറിച്ച് ചിന്തിക്കുന്നു; ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ ലഭ്യമാക്കണമെന്ന് ഡൽഹി ഹൈക്കോടതി

കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. ജനങ്ങളുടെ ജീവനെ കുറിച്ച് സർക്കാരിന് ചിന്തയില്ലെന്നാണ് ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങൾ മരിച്ചു കൊണ്ടിരിക്കുമ്പോൾ വ്യവസായത്തെ കുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നതെന്നും വ്യവസായികൾ പോലും സഹായിക്കാൻ സന്നദ്ധരാകുമ്പോൾ സർക്കാരിന് മനുഷ്യജീവനെ കുറിച്ച് ചിന്തയില്ലെന്നും ഹൈക്കോടതി വിമർശിച്ചു.  വ്യാവസായിക ആവശ്യത്തിനായി ഓക്സിജൻ ഉപയോഗിക്കുന്നത് വെട്ടിക്കുറച്ച് പകരം ഡൽഹിയിലെ ആശുപത്രികൾക്ക് കൈമാറാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. തലസ്ഥാനനഗരത്തിലെ ആറ് മാക്സ് ആശുപത്രികളിൽ ഓക്സിജൻ ലഭ്യമാക്കണമെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിട്ടു.

1400-ലേറെ കോവിഡ് രോഗികളുള്ള മാക്സ് ആശുപത്രികളിൽ അടിയന്തരമായി ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് ഉത്തരവിട്ടു കൊണ്ടാണ് ജസ്റ്റിസുമാരായ വിപിൻ സംഘി, രേഖാ പള്ളി എന്നിവരുടെ പരാമർശമുണ്ടായത്. വ്യാവസായികാവശ്യത്തിനുള്ള ഓക്സിജൻ പൂർണമായും വക മാറ്റിയാണെങ്കിൽ പോലും രോഗികൾക്ക് നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പൗരൻമാരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ പെട്രോളിയം, ഉരുക്ക് വ്യവസായങ്ങൾക്ക് നൽകുന്ന ഓക്സിജൻ രോഗികൾക്കായി നൽകണം. അടിയന്തരമായി ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്നു കാട്ടി മാക്‌സ് ആശുപത്രി ഉടമകളായ ബാലാജി മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

വിഷയത്തിൽ നടപടി സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചെങ്കിലും കോടതിക്ക് തൃപ്തിയായില്ല. ടാറ്റ ഉൾപ്പെടെ എല്ലാവരും സഹായിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കൈയിൽ എല്ലാ അധികാരവും ശക്തിയുമുണ്ടെന്ന് കോടതി പറഞ്ഞു. ഓക്‌സിജൻ സിലിൻഡറുകൾ കൊണ്ടുവരുന്നത്‌ പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തിൽ വിമാനമാർഗം ഓക്‌സിജൻ എത്തിക്കാൻ ശ്രമിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.