കുതിരയുടെ ഉടമസ്ഥര്‍ക്കും പരിപാലകര്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി ഡല്‍ഹി

ഡല്‍ഹിയില്‍ ആചാരപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കുതിരകളുടെയും, കുതിരവണ്ടികളുടെയും ഉടമകള്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിര്‍ദ്ദേശവുമായി കോര്‍പ്പറേഷന്‍. ഇത് സംബന്ധിച്ച് ദക്ഷിണ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.

കുതിരകളുടെയും കുതിരവണ്ടികളുടെയും ഉടമസ്ഥരും അവയെ പരിപാലിക്കുന്നവരും കുതിരയോട്ടം നടത്തുന്നവരും നിര്‍ബന്ധമായും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പൊതു-സ്വകാര്യ ചടങ്ങുകളുടെ ഭാഗമാകുന്ന കുതിരകള്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിബന്ധനകള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കോടതി ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് കോര്‍പ്പറേഷന്റെ തീരുമാനം. ബുധനാഴ്ചയാണ് ദക്ഷിണ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

Read more

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിവില്‍ ലൈന്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഒരു വ്യക്തി പന്തയം നടത്തിയ കുതിരകളുടെ ഓട്ടത്തിനിടയില്‍ പെട്ട് മരിച്ചു. ഈ സംഭവത്തെ തുടര്‍ന്ന് ആര് നഷ്ടപരിഹാരം നല്‍കും എന്ന വിഷയം കോടതിയില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുതിരയ്ക്ക് തേര്‍ഡ് പാര്‍ട്ടി വേണമെന്നാണ് കോടതി ഉത്തരവിട്ടത്. അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മുഖേന നഷ്ടപരിഹാരം ലഭിക്കുമെന്ന് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ ബി കെ ഒബ്‌റോയി അറിയിച്ചു.