സുപ്രധാന വിധിയുമായി സുപ്രീംകോടതി ; ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിന്

ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രധാന വിധിയുമായി സുപ്രീം കോടതി ഭരണഘനാ ബെഞ്ച്. പബ്ലിക് ഓർഡർ, പോലീസ്, ലാൻഡ്. തുടങ്ങിയ വകുപ്പുകൾ ഒഴികെ ദേശീയ തലസ്ഥാനത്തെ ഭരണപരമായ സേവനങ്ങളിൽ ഡൽഹി സർക്കാരിന് നിയന്ത്രണമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹിയിലെ ഭരണനിർവഹണം സംബന്ധിച്ച് ലഫ്റ്റനന്റ് ഗവർണറും , അരവിന്ദ് കെജ്രിവാൾ സർക്കാരും തമ്മിലാണ് തർക്കം നിലനിന്നിരുന്നത്.

വർഷങ്ങളായി തുടരുന്ന കേസിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന ആരോപണവുമായി ഡൽഹി സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഡൽഹിയുടെ യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് 2019 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഗവർണറുടെ അധികാരം പരിമിതപ്പെടുത്തിയിരുന്നു.

ലഫ്റ്റനന്റ് ഗവർണറെക്കാൾ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനാണ് കൂടുതൽ അധികാരമെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രി സഭയുടെ ഉപദേശം അനുസരിച്ചു വേണമെന്നും കോടതി പറഞ്ഞിരുന്നു.

എന്നാൽ ഉദ്യോഗസ്ഥ നിയമനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം തുടരുകയായിരുന്നു. വീണ്ടും തർക്കം കോടതി പരിഗണനിയിലെത്തി.രാഷ്ട്രപതിയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രതിനിധിയായ ലഫ്. ഗവർണറുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ഏതു തീരുമാനവും അസാധുവാണെന്ന് കേന്ദം വാദം ഉയർത്തി. എന്നാൽ ഡൽഹിയിലെ സാഹചര്യം മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്ഥമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിന്റെ വാദം.