ഡൽഹി സ്ഫോടനം; ദീപാവലി ദിനത്തിലും പ്രതികൾ ആക്രമണം ആസൂത്രണം ചെയ്‌തു, ഞെട്ടിക്കുന്ന കണ്ടെത്തൽ ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമ്മിലിൻ്റെ മൊബൈൽ ഫോണിൽ നിന്ന്

ഡൽഹി സ്ഫോടന കേസിലെ പ്രതികൾ ദീപാവലി ദിനത്തിലും ആക്രമണം ആസൂത്രണം ചെയ്‌തുവെന്ന് റിപ്പോർട്ട്. ദീപാവലി ദിനത്തിൽ ഡൽഹിയിൽ തിരക്കേറിയ ഇടത്ത് സ്ഫോടനം പദ്ധതിയിട്ട ഇവർ പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ അടക്കം വൻ ഭീകരാക്രമണത്തിനാണ് ഫരീദാബാദ് ഭീകര സംഘം പദ്ധതിയിട്ടത്. ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമ്മിലിൻ്റെ മൊബൈൽ ഫോണിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ആക്രമണം നടത്താനായിരുന്നു ഫരീദാബാദ് ഭീകര സംഘത്തിന്റെ പദ്ധതി. ദീപാവലി ദിനത്തിൽ ഡൽഹിയിൽ തിരക്കേറിയ ഇടത്തും സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു. ജനുവരി ആദ്യ ആഴ്ച ഡോ.മുസമ്മിലും ഉമറും ചെങ്കോട്ട പരിസരത്ത് എത്തിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഇതിനോടകം 15 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ എൻഐഎ അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും.

Read more