ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കി; മാറ്റം ലോഗോയില്‍ മാത്രമാണെന്നും മൂല്യങ്ങള്‍ തുടരുമെന്നും ദൂരദര്‍ശന്‍; വിവാദം

ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ദൂരദര്‍ശന്‍ കാവിയാക്കിയതില്‍ വിവവാദം. നേരത്തേ ചുവപ്പായിരുന്ന നിറം കാവിയാക്കി മാറ്റുകയാണ് ചെയ്തത്. മാറ്റം ലോഗോയില്‍ മാത്രമാണെന്നും മൂല്യങ്ങള്‍ തുടരുമെന്നും ദൂരദര്‍ശന്‍ വ്യക്തമാക്കി. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്.

‘മൂല്യങ്ങള്‍ അതുപോലെത്തന്നെ തുടരും. പുതിയ രൂപത്തില്‍ ഞങ്ങളെ ഇപ്പോള്‍ ലഭ്യമാണ്. മുന്‍പെങ്ങുമില്ലാത്ത വിധമുള്ള വാര്‍ത്താ യാത്രയ്ക്ക് തയ്യാറാകൂ… ഏറ്റവും പുതിയ ഡി.ഡി. വാര്‍ത്തകള്‍ അനുഭവിക്കൂ’… നിറം മാറിയതുമായി ബന്ധപ്പെട്ട ദൂരദര്‍ശന്‍ പുതിയ പ്രമോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച് കുറിച്ചു.

പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ എക്സ് പോസ്റ്റില്‍ പ്രതികരിച്ചു.

ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.