ആഞ്ഞടിച്ച് ബുൾബുൾ ചുഴലിക്കാറ്റ്; മരണം പത്തായി

ദുരന്തം വിതച്ച് ബുൾബുൾ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ബംഗ്ലാദേശിലും  പശ്ചിമ ബംഗാളിലും ഒഡിഷയിലുമായി ബുൾബുൾ ചുഴലിക്കാറ്റിൽ  വ്യാപക നാശനഷ്ടം. പത്ത് പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു. 21 ലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. പശ്ചിമ ബംഗാളിൽ വൈദ്യുതി, ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

പശ്ചിമ ബംഗാൾ തീരംവിട്ട ബുൾബുൾ ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെയാണ് ബംഗ്ലാദേശ് തീരത്ത് വീശിയത്. 5000 വീടുകൾ തകർന്നു. 2 ലക്ഷം ഹെക്ടർ കൃഷി നശിച്ചു. 21 ലക്ഷം പേരെയാണ് മുൻ കരുതലിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ചത്. ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ബുൾബുൾ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുൾബുൾ ചുഴലിക്കാറ്റിൽ ഇന്നലെ പശ്ചിമ ബംഗാളിൽ പത്ത് പേരും ഒഡീഷയിൽ രണ്ട് പേരും മരിച്ചു.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ 50000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകൾ കഴിയുന്നത്. കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ച മേഖലയിൽ മുഖ്യമന്ത്രി മമതാ ബാനർജി വ്യോമ നിരീക്ഷണം നടത്തി. ട്രാക്കുകളിൽ വെള്ളം കയറിയ ഇടങ്ങളിൽ തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.