കശ്മീരില്‍ കര്‍ഫ്യൂ ശക്തമാക്കി, മുഹറം ആഘോഷങ്ങള്‍ക്ക് അനുമതി നിഷേധിച്ച് ഭരണകൂടം

വലിയ രീതിയിൽ ഉള്ള ഒത്തുചേരലുകൾ അക്രമത്തിലേക്ക് നയിച്ചേക്കാമെന്ന കണക്കുകൂട്ടലിൽ കശ്മീരിൽ മുഹറം ഘോഷയാത്രകൾ നടത്താനുള്ള പദ്ധതികൾ പരാജയപ്പെടുത്തുന്നതിനായി നഗരം ഉൾപ്പെടെ കശ്മീരിലെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച കർഫ്യൂ പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ലാൽ ചൗക്കിന്റെയും സമീപ പ്രദേശങ്ങളുടെയും വാണിജ്യ കേന്ദ്രങ്ങളിലെ എല്ലാ പ്രവേശന കവാടങ്ങളിലും ഇരുമ്പു കമ്പികൾ സ്ഥാപിച്ച് പൂർണമായും അടച്ചിരിക്കുകയാണ്. പ്രദേശത്ത് നിരവധി സുരക്ഷാ സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

താഴ്‌വരയിൽ ക്രമസമാധാന പാലനത്തിനുള്ള മുൻകരുതൽ നടപടിയായി കശ്മീരിലെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിനുള്ള കാരണങ്ങളൊന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചില്ലെങ്കിലും നഗരത്തിലും താഴ്‌വരയിലെ മറ്റിടങ്ങളിലും മുഹറം ഘോഷയാത്ര തടയുന്നതിനാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. സായുധ കലാപം ആരംഭിച്ച 1990 മുതൽ കശ്മീരിൽ ഘോഷയാത്രകൾക്ക് നിരോധനമുണ്ട്.