മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ണായക ദിനം , വിമത എം.എൽ.എമാരെ അസമിലേക്ക് മാറ്റി, ഉദ്ധവിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് മന്ത്രിസഭാ യോഗം

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ സര്‍ക്കാരിലെ പ്രതിസന്ധി തുടരുന്നു. 1 മണിക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അദ്ധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം ചേരും. ഉപമുഖ്യമന്ത്രി പദം നല്‍കി മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ അനുനയിപ്പിക്കാനുള്ള ശ്രമം പാളിയ സാഹചര്യത്തിലാണ് ഇത്.

ഇനി മുന്നോട്ടുള്ള നീക്കങ്ങള്‍ സംബന്ധിച്ച് അഗാഡി സഖ്യ നേതാക്കള്‍ക്കിടയില്‍ ആശയ വിനിമയം തുടരുകയാണ്. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എം.എല്‍.എമാര്‍ സൂറത്തില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലേക്ക് തിരിച്ചു.

വിമത ക്യാമ്പില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേരടക്കം എല്ലാ എംഎല്‍എമാരെയും ശിവസേന മുംബൈയിലെ റിസോട്ടിലേക്ക് മാറ്റി. ഒമ്പത് മണിക്ക് എന്‍സിപി – എം എല്‍ എമാരുടെ യോഗം ശരദ്പവാര്‍ വിളിച്ചിട്ടുണ്ട്. ഷിന്‍ഡെ അടക്കമുള്ള വിമത എം എല്‍ എ മാരുമായി എം എല്‍ എ സഞ്ജയ് കുട്ടെ വഴിയാണ് ബി ജെ പി ചര്‍ച്ച നടത്തുന്നത്.

ഏക്നാഥ് ഷിന്‍ഡെയും കൂട്ടാളികളായ അജയ് ആഷര്‍, ഭൂപാല്‍ രാംനാഥ്കര്‍ എന്നിവരും ഇഡി നിരീക്ഷണത്തിലായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന മന്ത്രി അനില്‍ പരബിനെ ഇഡി ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇന്നും ചോദ്യം ചെയ്യല്‍ തുടരും.

Read more

2019ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം അധികാരം പങ്കിടുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് സഖ്യകക്ഷികളായിരുന്ന ബിജെപിയുമായി ശിവസേന പിരിഞ്ഞത്. സേന പിന്നീട് എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സംസ്ഥാനത്ത് മഹാ വികാസ് അഘാടി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.