പശുക്കടത്ത് ആരോപിച്ച് വീണ്ടും കൊല; രാജസ്ഥാനില്‍ യുവാവിനെ വെടിവെച്ചുകൊന്നു

രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു. വാഹനത്തില്‍ പശുവിനെ കടത്തിക്കൊണ്ട്‌പോവുകയായിരുന്ന അഞ്ചംഗ സംഘത്തിന് നേരെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്.കൊല്ലപ്പെട്ട യുവാവിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.

നിയമവിരുദ്ധമായി പശുക്കളെ കടത്തിക്കൊണ്ട് പോകുന്നുവെന്ന് ആരോപിച്ചാണ് പൊലീസിന്റെ നടപടി.അല്‍വാറിലെ ജനത കോളനിക്ക്‌സമീപമാണ് വെടിവെപ്പിലേക്ക് നയിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. പശുവിനെ കടത്തിക്കൊണ്ട് പോകുന്നുവെന്ന വാര്‍ത്ത ലഭിച്ചയുടന്‍ പൊലീസ് റോഡുകളിലെല്ലാം അടച്ച്‌ മാര്‍ഗതടസ്സം
സൃഷ്ടിയ്ക്കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ ബാരിക്കേഡുകള്‍ എല്ലാം തകര്‍ത്തുകൊണ്ട് അഞ്ച്‌പേരടങ്ങുന്ന സംഘം കടക്കുമ്പോഴാണ്‌ വെടിവെപ്പുണ്ടായതെന്നും എസ്.പി. രാഹുല്‍ പ്രകാശ് അവകാശപ്പെട്ടു.

Read more

പൊലീസിനു നേരെ അഞ്ചംഗ സംഘത്തിലൊരാള്‍ വെടിയുതിര്‍ത്തുവെന്നും എസ് പി ആരോപിച്ചു. പശുക്കടത്തും ഗോവധവുമായി ബന്ധപ്പെട്ട് നിരവധി അക്രമസംഭവങ്ങള്‍ നടക്കുന്ന മേഖലകൂടിയാണ് രാജസ്ഥാനിലെ മേവതും അല്‍വാറും. പശുവിനെ കടത്തുന്നെന്ന് ആരോപിച്ച് വലിയ രീതിയിലുള്ള അക്രമമാണ് ഇവിടെ ഗോസംരക്ഷകരുടെ നേതൃത്വത്തില്‍ നടക്കാറുള്ളത്.അടുത്തിടെയായിരുന്നു അല്‍വാറിലെ ഗോവിന്ദഗര്‍ മേഖലിയല്‍ ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയായി ഉമര്‍ ഖാന്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്.