രാജ്യത്ത് ജനുവരിയോടെ കോവിഡ് വാക്സിന്‍ ലഭ്യമാക്കും; ഡോസിന് 250 രൂപ നിരക്കിൽ വിതരണം നടത്തുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഇന്ത്യയില്‍ ജനുവരിയോടെ കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഓക്‌സ്‌ഫോഡ് സർവകലാശാലയും അസ്‌ട്രാസെനക്കയും ചേർന്ന് തയ്യാറാക്കുന്ന കോവിഷീൽഡ് വാക്സിനാണ് ലഭ്യമാക്കുക. സർക്കാർ അനുമതി ലഭിച്ചാൽ 10 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യും. ഡോസിന് 250 രൂപ നിരക്കിലാണ് വിതരണം നടത്തുകയെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

പൂണെ സിറം ഇൻസ്റ്റിറ്റ‌്യൂട്ട് ലഭ്യമാക്കുന്ന ഓക്‌സ്‌ഫോഡ് വാക്‌സിന്റെ ട്രയൽ റിപ്പോർട്ട് ഡിസംബർ അവസാനം ലഭിക്കും. മൂന്ന് ഘട്ടങ്ങളിലായി നടന്ന വാക്‌സിൻ പരീക്ഷണത്തിൽ 70.4 ശതമാനം സ്ഥിരത പുലർത്തിയെന്നാണ് സിറം ഇൻസ്റ്റിറ്റ‌്യൂട്ട് അവകാശപ്പെടുന്നത്.

“കോവിഡിനെതിരായ വാക്‌സിൻ ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വാക്‌സിൻ പൊതുവിപണിയിലെത്തിക്കാൻ ആവശ്യമായ അടിയന്തര അനുമതിക്കായി അടുത്ത 45 ദിവസത്തിനുള്ളിൽ ഞങ്ങൾ അപേക്ഷിക്കും,”  സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനെവാല പറഞ്ഞു.

അസ്ട്ര സെനക മരുന്ന് കമ്പനിയുമായാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറിലെത്തിയത്. 4 കോടി ഡോസ് ഇതിനകം തയ്യാറാണെന്ന്  പൂനവാല പറഞ്ഞു. ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിതരണം ചെയ്യാനാവൂ.

അതിനിടെ രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വാക്സിൻ വിതരണമാകും യോഗത്തിലെ പ്രധാന ചർച്ചാവിഷയം.