മൂന്ന് രാജ്യങ്ങൾക്കു കൂടി യാത്രാവിലക്ക് ഏർപ്പെടുത്തി ഇന്ത്യ; വിമാന സർവീസുകൾ അടിയന്തരമായി നിർത്തണമെന്ന് സിവിൽ ഏവിയേഷൻ സർക്കുലർ

കൊറോണ വെെറസ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കടുത്ത യാത്രാനിയന്ത്രണങ്ങളുമായി ഇന്ത്യ. പുതുതായി മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരെ കൂടി കേന്ദ്ര സർക്കാർ വിലക്കി. അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികരെയാണ് വിലക്കിയത്. ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി നിർത്തണമെന്നും സിവിൽ ഏവിയേഷൻ സർക്കുലറിൽ പറയുന്നു. ഈ മാസം 31 വരെയാണു യാത്രാനിയന്ത്രണം.

ബ്രിട്ടൻ, സ്വിറ്റ്‌സർലൻഡ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, തുർക്കി എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്ര കഴിഞ്ഞദിവസം പൂർണമായി വിലക്കിയിരുന്നു. നാളെ ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ (ജിഎംടി: 12.00) ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരെ വിമാനത്തിൽ കയറ്റരുത്.

യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നോ ഇതുവഴിയോ ഇന്ത്യയിലെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ (സ്വയംവിലക്ക്) വേണമെന്നും നിർദ്ദേശമുണ്ട്. രാജ്യത്ത് അനാവശ്യ യാത്ര ഒഴിവാക്കണമെന്നും പൊതുഗതാഗതം കുറയ്ക്കണമെന്നുമെന്നുമാണ് കേന്ദ്ര നിലപാട്.