കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ എല്ലാ സ്വകാര്യസ്ഥാപനങ്ങളും ഇനി വര്‍ക്ക് ഫ്രം ഹോം

കോവിഡ് വ്യാപനം ചെറുക്കാന്‍ ഡല്‍ഹിയിലെ എല്ലാ സ്വകാര്യ ഓഫീസുകളും ‘വര്‍ക്ക് ഫ്രം ഹോമി’ലേക്ക് മാറാന്‍ ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. എന്നാല്‍ അവശ്യ സേവനങ്ങളായി കണക്കാക്കുന്ന ഓഫീസുകളെ ഇതില്‍ നിന്ന് ഒഴിവാക്കി.

സ്വകാര്യ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മരുന്ന് കമ്പനികള്‍, മൈക്രോഫിനാന്‍സ് കമ്പനികള്‍, അഭിഭാഷകരുടെ ഓഫീസുകള്‍, കൊറിയര്‍ സേവനങ്ങള്‍ എന്നിവക്കാണ് ഒഴിവ് നല്‍കിയിരിക്കുന്നത്.

നിലവില്‍ പകുതി ജീവനക്കാര്‍ വീട്ടില്‍ നിന്നും പകുതി ഓഫീസില്‍ നിന്നുമാണ് വര്‍ക്ക് ചെയ്ത് വന്നിരുന്നത്. നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ഹാജരോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ ഡല്‍ഹിയിലെ റസ്റ്റോറന്റുകളും ബാറുകളും അടച്ചുപൂട്ടി. എന്നാല്‍ ടേക്ക് എവേകളും ഹോം ഡെലിവറിയും തുടര്‍ന്നും ഉണ്ടാകും.

രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചത്തെ 22,751 നേക്കാള്‍ നേരിയ കുറവ് രേഖപ്പെടുത്തി ഡല്‍ഹിയില്‍ ഇന്നലെ 19,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 25 ശതമാനമായിരുന്നു. മെയ് 5 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

നഗരത്തിലെ കേസുകള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍, മിക്കവാറും ഈ ആഴ്ച തന്നെ ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും മൂന്നാം തരംഗത്തിന്റെ വ്യാപനം അതിനുശേഷം കുറയുമെന്നും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.