'പഹൽഗാം ആക്രമണത്തിന് പിന്നിൽ ഇന്ത്യൻ ഭീകരർ ആയിക്കൂടെ?'; അക്രമികൾ പാകിസ്ഥാനിൽ നിന്നാണ് വന്നതിന് തെളിവുണ്ടോയെന്ന് പി ചിദംബരം

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്കാരായ ഭീകരർക്ക് പങ്കുണ്ടായിരിക്കാമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. അക്രമികൾ പാകിസ്ഥാനിൽ നിന്നാണ് വന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ എന്തൊക്കെയാണ് എന്നാണ് ചിദംബരം ചോദിച്ചത്. ചിദംബരം ദി ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

‘ഭീകരാക്രമണത്തിനുശേഷം എൻഐഎ നടത്തിയ പ്രവർത്തനങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല. അവർ തീവ്രവാദികളെ തിരിച്ചറിഞ്ഞോ? അവർ എവിടെനിന്നും വന്നവരാണ്? ഒരു പക്ഷേ അവർ ഇന്ത്യയിൽ തന്നെയുളള തീവ്രവാദികളാകാം. ഭീകരർ പാകിസ്ഥാനിൽ നിന്നും വന്നവരാണെന്ന് നിങ്ങൾ കരുതുന്നത് എന്തുകൊണ്ടാണ്? അതിനു തെളിവുകളൊന്നും ഇല്ലല്ലോ? ‘-എന്നാണ് പി ചിദംബരം പറഞ്ഞത്.

പഹൽഗാം ആക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂറിൽ രാജ്യത്തിനുണ്ടായ നഷ്ടങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്നും ചിദംബരം അഭിമുഖത്തിൽ ആരോപിച്ചു. ‘അവർ നഷ്ടങ്ങൾ മറച്ചുവെക്കുകയാണ്. യുദ്ധമുണ്ടാകുമ്പോൾ രണ്ടുഭാഗത്തും നഷ്ടങ്ങളുണ്ടാകുമെന്ന് ഞാൻ ഒരു ലേഖനത്തിൽ പറഞ്ഞിരുന്നു. അതുപോലെ യുദ്ധത്തിൽ ഇന്ത്യയ്ക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ടാകും എന്ന് ഉറപ്പാണ്’- ചിദംബരം പറഞ്ഞു.

സർക്കാർ എന്തിനാണ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു. എങ്ങനെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതെന്ന ചോദ്യം ഉയരുമോ എന്ന ഭയം കൊണ്ടാണോ പഹൽഗാം വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തതെന്നും ചർച്ചയുണ്ടായാൽ വെടിനിർത്തൽ പ്രഖ്യാപിച്ചത് അമേരിക്കൻ പ്രസിഡന്റാണെന്ന സത്യം പറയേണ്ടിവരുമെന്ന് പേടിയാണോ എന്നും പി ചിദംബരം ചോദിച്ചു.

Read more

പി ചിദംബരത്തിന്റെ പരാമർശത്തിനെതിരെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകാൻ കോൺഗ്രസ് നേതാക്കൾ തിടുക്കം കാട്ടുകയാണെന്ന് അമിത് മാളവ്യ പറഞ്ഞു. പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരെ ഇന്ത്യ പോരാടുമ്പോൾ കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലെ പ്രതിപക്ഷത്തെപ്പോലെയല്ല, ഇസ്ലാമാബാദിന്റെ അഭിഭാഷകരെപ്പോലെയാണ് പ്രതികരിക്കുന്നത്. ദേശീയസുരക്ഷയുടെ കാര്യത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടതാണ്. ശത്രുവിനെ സംരക്ഷിക്കുന്നതിലാണ് താൽപ്പര്യമെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു.