സമ്മർദ്ദം ശക്തമായി, അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനില്ല; കോൺഗ്രസ് പിന്മാറുന്നു

വിവിധ തലങ്ങളിൽ നിന്ന് പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നതോടെ അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ നിന്ന് കോൺഗ്രസ് പിന്മാറിയതായി റിപ്പോർട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. സോണിയ ഗാന്ധിക്കും ഖർഗെയ്ക്കും പുറമെ അധിർ രഞ്ജൻ ചൗധരിക്കാണ് കോൺ​ഗ്രസിൽ നിന്ന് ക്ഷണം കിട്ടിയത്.

പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺ​ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം.കോൺ​ഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ബിജെപിയുടെ ഒരു കെണിയിലും കോൺ​ഗ്രസ് വീഴില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Read more

അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെസി പറഞ്ഞു. പങ്കെടുക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസിന് അഭിപ്രായമുണ്ട്. ഓരോ പാർട്ടികൾക്കും അവരുടേതായ അഭിപ്രായമുണ്ട്. കോൺഗ്രസിന് മേൽ ഒരു സമ്മർദ്ദവുമില്ല. കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവനയിലെ നിലപാട് അദ്ദേഹത്തോട് ചോദിക്കണമെന്നും കെ സി കൂട്ടിച്ചേർത്തു. അതേസമയം, ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.