ശൈശവ വിവാഹം രജിസ്റ്റർ ചെയ്യാൻ പുതിയ നിയമവുമായി കോൺ​ഗ്രസ് സർക്കാർ; പ്രതിപക്ഷം ഇറങ്ങിപോയി

വ്യാപക പ്രതിഷേധത്തിനിടയിലും ശൈശവ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ബില്ല് രാജസ്ഥാനിലെ കോൺ​ഗ്രസ് സർക്കാർ പാസാക്കി. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

2009 ലെ രാജസ്ഥാൻ നിർബന്ധിത വിവാഹ രജിസ്‌ട്രേഷൻ നിയമം ഭേദഗതി ചെയ്താണ് രാജസ്ഥാൻ നിർബന്ധിത വിവാഹ രജിസ്‌ട്രേഷൻ (ഭേദഗതി) ബിൽ 2021 എന്ന പുതിയ നിയമം പാസാക്കിയത്.

ശൈശവ വിവാഹം നടന്നാൽ 30 ദിവസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു.എന്നാൽ ശൈശവവിവാഹ രജിസ്ട്രേഷന്റെ ആവശ്യകതയെ ചോദ്യം ചെയ്ത പ്രതിപക്ഷം ബിൽ പിൻവലിക്കണെന്നും ആവശ്യപ്പെട്ടു.

ഒട്ടേറെ ബോധവൽക്കരണങ്ങൾക്കും കടുത്ത നടപടികൾക്കും ശേഷം രാജ്യത്തുനിന്ന് തുടച്ചുനീക്കിയ ശൈശവ വിവാഹം വീണ്ടും കൊണ്ടുവരാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.

നിയമപ്രകാരം പെൺകുട്ടികളുടെ വിവാഹ പ്രായം 18ഉം ആൺകുട്ടികളുടെത് 21 മാണ്. ഈ പ്രായം തികയാതെ വിവാഹം കഴിക്കുന്നത് ശൈശവ വിവാഹത്തിന്റെ ഗണത്തിലാണ് ഉൾപ്പെടുക. നിയമസാധുത ലഭിക്കില്ല. കുറ്റകരവുമാണ്.