അമിത് ഷായ്‌ക്കെതിരായ പരാമർശത്തില്‍ പരാതി; രാഹുല്‍ ഗാന്ധി നാളെ കോടതിയിലേക്ക്

അമിത് ഷായ്‌ക്കെതിരായ പരാമർശത്തില്‍ പരാതിയിൽ രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും. ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരിലെ കോടതിയിലാണ് രാഹുല്‍ ഹാജരാകുക. 2018 ല്‍ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് രാഹുൽ കോടതിയിലെത്തുന്നത്. ഇതിനായി ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് 2 മണി വരെ നിര്‍ത്തിവെക്കുമെന്നാണ് വിവരം. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഇന്നലെ രാഹുൽ വയനാട്ടിലും എത്തിയിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധി എംപിയുടെ വയനാട് സന്ദർശനം. ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുൽ ആദ്യമെത്തിയത്. വന്യജീവി പ്രശ്നങ്ങൾ കുടുംബം രാഹുൽ ഗാന്ധിയോട് പങ്കുവെച്ചു. വീണ്ടും വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുന്നതിൽ ദുഃഖമുണ്ടെന്ന് അജീഷിൻ്റെ കുടുംബം പ്രതികരിച്ചു. വയനാട്ടിൽ ചികിത്സ സൗകര്യങ്ങൾ ഉറപ്പ് വരുത്തണം. വയനാട്ടിലെ മെഡിക്കൽ കോളേജ് മികച്ചത് എങ്കിൽ മറ്റൊരു മരണം കൂടി ഉണ്ടാകില്ലായിരുന്നുവെന്നും കൊല്ലപ്പെട്ട അജിഷിന്റെ മകൾ പറഞ്ഞു.

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ വീടും രാഹുൽ സന്ദർശിച്ചിരുന്നു. ചികിത്സ കിട്ടാതെ മരിക്കുന്ന സ്ഥിതി ഇനിയുണ്ടാകരുതെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പോളിന്റെ കുടുംബവും വയനാട് എംപിയോട് അഭ്യർത്ഥിച്ചു. കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിൻ്റെ വീടും രാഹുൽ സന്ദർശിച്ചു. കൽപ്പറ്റയിൽ പിഡബ്യൂഡി റസ്റ്റ് ഹൌസിൽ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് രാഹുൽ മടങ്ങിയത്.