പെഗാസസ് ചോര്‍ത്തലിന് ഇരയായതായി സംശയിക്കുന്നവരില്‍ നിന്ന് വിവരങ്ങള്‍ തേടി അന്വേഷണ സമിതി

പെഗാസസ് സ്‌പൈവെയര്‍ വിഷയത്തില്‍ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായി സംശയിക്കുന്നവരില്‍ നിന്ന് വിവരങ്ങള്‍ തേടി സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി. ഇവര്‍ ജനുവരി ഏഴിനകം തങ്ങളുമായി ബന്ധപ്പെടണമെന്ന് പൊതു അറിയിപ്പില്‍ സമിതി ആവശ്യപ്പെട്ടു. ഉപകരണത്തില്‍ പെഗാസസ് ബാധിച്ചിരിക്കാമെന്ന് വിശ്വസിക്കുന്നതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്താനാണ് പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും സമിതി അറിയിച്ചു.

ന്യൂസ് പോര്‍ട്ടലായ ‘ദി വയര്‍’ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയിലെ 142-ലധികം ആളുകളെ ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ലക്ഷ്യമിട്ടിരുന്നു. ചില ഫോണുകളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ സുരക്ഷാ ലംഘനം നടന്നിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബ് സ്ഥിരീകരിച്ചിരുന്നു.

ആരോപിക്കപ്പെട്ടിരുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, നിലവിലുള്ള രണ്ട് കേന്ദ്ര മന്ത്രിമാര്‍, ഒരു മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, സുപ്രീം കോടതിയിലെ രണ്ട് രജിസ്ട്രാര്‍മാര്‍, ഒരു മുന്‍ ജഡ്ജിയുടെ പഴയ നമ്പര്‍, ഒരു മുന്‍ അറ്റോര്‍ണി ജനറലിന്റെ അടുത്ത സഹായി, 40 മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്.

പെഗാസസിന്റെ ഉടമസ്ഥതയിലുള്ള എന്‍എസ്ഒ ഗ്രൂപ്പ് സര്‍ക്കാരുകളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും മാത്രമേ ബിസിനസ്സ് ചെയ്യുന്നുള്ളൂവെന്ന് പറഞ്ഞത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ നിയമവിരുദ്ധമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞത്. പെഗാസസ് വിഷയത്തില്‍ ഇരുസഭകളിലും ചര്‍ച്ച നടത്താത്തത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു.