കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: തമിഴ്‌നാട്ടില്‍ 45 ഇടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. സംസ്ഥാനത്ത് 45 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍ മാത്രം 21 സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്.

കാര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥരെത്തിയത്. രാവിലെ അഞ്ച് മണി മുതലാണ് പരിശോധന ആരംഭിച്ചത്. ചെന്നൈയില്‍ അഞ്ചിടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 23ന് പുലര്‍ച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറില്‍ രണ്ടു ചെറിയ സ്‌ഫോടനങ്ങളും ഒരു വന്‍ സ്‌ഫോടനവും നടന്നത്. സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെ ഇന്നലെ ചെന്നൈ പൂന്തമല്ലിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ആറുപേരെയും 22വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ ജയിലിലേക്ക് അയച്ചു.