ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി ഇന്‍ഡ്യ സഖ്യത്തില്‍ ചേരുമെന്ന് സൂചന; പ്രതിപക്ഷ കൂട്ടായ്മയിലെത്തുന്നത് ആര്‍എല്‍ഡി നേതൃത്വത്തില്‍

ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി പ്രതിപക്ഷ കൂട്ടായ്മയായ ഇന്‍ഡ്യ സഖ്യത്തില്‍ ചേരുമെന്ന് സൂചന. ആര്‍എല്‍ഡിയുടെ നേതൃത്വത്തിലാണ് ഭീം ആര്‍മിയെ പ്രതിപക്ഷ കൂട്ടായ്മയില്‍ എത്തിക്കാനുള്ള ശ്രമം തുടരുന്നത്. ചന്ദ്രശേഖര്‍ ആസാദുമായി തങ്ങള്‍ക്ക് നല്ല ബന്ധമാമുള്ളതെന്ന് ആര്‍എല്‍ഡി ദേശീയ സെക്രട്ടറി ത്രിലോക് ത്യാഗി പറഞ്ഞു. എന്നാല്‍ ഭീം ആര്‍മി എപ്പോള്‍ സഖ്യത്തിലേക്ക് എത്തുമെന്ന് പറയാന്‍ ത്യാഗി കൂട്ടാക്കിയില്ല.

ചന്ദ്രശേഖര്‍ ആസാദിലൂടെ ദളിത് സമൂഹത്തിന്റെ പിന്തുണ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഡ്യ സഖ്യം. മായാവതിയുടെ ബിഎസ്പി ഇന്‍ഡ്യ സഖ്യവുമായി സഹകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഭീം ആര്‍മിയെ കൂടെ നിര്‍ത്തിയാല്‍ ദളിത് വോട്ടുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആര്‍എല്‍ഡി.

Read more

സംവരണ മണ്ഡലമായ നാഗിനയില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് സൂചിപ്പിച്ചിരുന്നു. ദളിത്, മുസ്ലീം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണിത്. ഒക്ടോബര്‍ 9ന് നാഗിനയില്‍ ആസാദ് പൊതുയോഗം സംഘടിപ്പിക്കും. ബിഎസ്പിയുടെ ഗിരീഷ് ചന്ദ്രയാണ് നാഗിനയിലെ ഇപ്പോഴത്തെ എംപി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ യശ്വന്ത് സിങ്ങിനെ 1.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗിരീഷ് ചന്ദ്ര തോല്‍പ്പിച്ചത്.