പുതിയ പാര്‍ട്ടി രൂപീകരണത്തിന് മുമ്പ് മദ്യവും കോഴിയും വിതരണം ചെയ്ത് ചന്ദ്രശേഖര്‍ റാവു, രൂക്ഷവിമർശനവുമായി കോൺഗ്രസ്; ദൃശങ്ങൾ വൈറൽ

ദേശീയ പാര്‍ട്ടി രൂപീകരിക്കാനിരിക്കേ ടിആര്‍എസ് നേതാവ് മദ്യവും കോഴിയും നല്‍കിയതില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ കോണ്‍ഗ്രസ്. മദ്യത്തിന് ഒരു ബ്രാൻഡ് അംബാസിഡർ ഉണ്ടെങ്കിൽ അതാണ് ചന്ദ്രടശേഖർ റാവു എന്നും കോൺഗ്രസ് ആരോപിച്ചു.

ക്യൂ പാലിച്ചു നില്‍ക്കുന്ന ഇരുന്നൂറിലധികം ആളുകള്‍ക്ക് മദ്യവും കോഴിയും വിതരണം ചെയ്താണ് ആളുകളെ കെ ചന്ദ്രശേഖര്‍ റാവു കൂടെ കൂട്ടിയത്. തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ്‌ (തെലങ്കാന രാഷ്‌ട്ര സമിതി) പാര്‍ട്ടി സ്ഥാപകനുമായ കെ ചന്ദ്രശേഖര്‍ റാവു, മകനും വ്യവസായ മന്ത്രിയുമായ കെടി രാമറാവു എന്നിവരുടെ പൂമാലയിട്ട വലിയ കട്ടൗട്ട് സ്ഥാപിച്ചാണ് ചടങ്ങിന് തുടക്കമായത്.

ഒക്‌ടോബര്‍ അഞ്ച് ദസറ ദിനത്തില്‍ തെലങ്കാന രാഷ്‌ട്ര സമിതിയുടെ ദേശീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാവുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വാറങ്കലിലെ ടിആർഎസ് നേതാവ് രജനാല ശ്രീഹരിയാണ് വാറങ്കലിലെ ചുമുട്ടുതൊഴിലാളികള്‍ക്ക് ‘ദസറ സമ്മാനം’ വിതരണം ചെയ്‌തത്.

തെലങ്കാനയിലെ വാറങ്കലില്‍ നിന്നുള്ള ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒപ്പം, രൂക്ഷമായ വിമര്‍ശനവും ഇതിനെതിരെ ഉയരുന്നുണ്ട്. ഇങ്ങനെ ഉള്ള പ്രവർത്തികൾ വഴി എന്ത് രൂപീകരണമാണ് ഉദ്ദേശിക്കുന്നത് എന്നും ആളുകൾ ചോദിക്കുന്നു.