ലഡാക്കില്‍ നിര്‍ണായക നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; അഞ്ച് പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ തീരുമാനം

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലഡാക്കില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ രൂപീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. നിലവില്‍ ലഡാക്കില്‍ രണ്ട് ജില്ലകള്‍ മാത്രമാണുള്ളത്.

ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകളാണ് ലഡാക്കില്‍ നിലവിലുള്ളത്. ദ്രാസ്, ഷാം, സന്‍സ്‌കര്‍, നുബ്ര, ചാങ്താങ് എന്നീ ജില്ലകളാണ് ലഡാക്കില്‍ പുതുതായി രൂപീകരിക്കുന്നത്. വികസിത ലഡാക്ക് എന്ന നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ലഡാക്കില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു.

സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ ആയിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ലഡാക്കിലെ ഓരോ മൂലയിലും ഭരണം ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് ആവശ്യമായ ആനുകുല്യങ്ങള്‍ അവരുടെ വീട്ടുപടിക്കലെത്തും. ലഡാക്കിലെ ജനങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത്ഷാ കുറിച്ചു.

Read more

സെപ്റ്റംബര്‍ 18, 25 ഒക്ടോബര്‍ ഒന്ന് തീയതികളിലായാണ് ജമ്മുവിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 4ന് ആണ് വോട്ടെണ്ണല്‍ നടക്കുക.