പ്രവാസികളെ കൊണ്ടു വരുന്നതിൽ കേരളത്തിന് മാത്രം പ്രത്യേക മാനദണ്ഡം നടപ്പാക്കാനാവില്ല: വി. മുരളീധരൻ

 

പ്രവാസികളെ കൊണ്ടു വരുമ്പോൾ കേരളത്തിനു മാത്രം പ്രത്യേക മാനദണ്ഡം കേന്ദ്ര വിദേശകാര്യവകുപ്പിനു നടപ്പാക്കാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നടപ്പിലാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവുമാണ് പ്രവാസികളെ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. അതുപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ട്രൂനാറ്റ് പരിശോധന നടത്താനുള്ള സംവിധാനം ഗള്‍ഫ് രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. ട്രൂനാറ്റ് പരിശോധന ഈ രാജ്യങ്ങളില്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന് അദ്ദേഹത്തിന് ലോക കേരളസഭ വഴി അന്വേഷിക്കാമായിരുന്നു. പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് അച്ചാറും മറ്റും കൊടുത്തയയ്ക്കുന്നതു പോലെ ട്രൂനാറ്റ് കൊടുത്തു വിടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി വി. മുരളീധരൻ പറഞ്ഞു.

പിപിഇ കിറ്റുകൾ വേണമെന്ന നിബന്ധന വിദേശകാര്യവകുപ്പിന് ഉറപ്പു വരുത്താനാവില്ല. ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിർദേശിച്ച ചട്ടങ്ങൾ പ്രകാരമാണ് വന്ദേഭാരത് മിഷൻ ഫ്ലൈറ്റുകൾ വരുന്നത്. കേരളം മുന്നോട്ടു വെയ്ക്കുന്ന നിബന്ധനകൾ വിദേശരാജ്യങ്ങളിൽ നടപ്പാക്കാൻ കഴിയില്ല. തമിഴ്നാട്ടിലേക്കു വരുന്ന മലയാളികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വെയ്ക്കണമെന്ന് നിബന്ധന വെച്ചാൽ കേരളത്തിനു നടപ്പാക്കാനാവുമോയെന്നും മുരളീധരൻ ചോദിച്ചു. കോവിഡ് ബാധിതർക്കു മാത്രമായി വിമാനം വേണമെന്നൊക്കെ ഉപദേശിക്കുന്നവരുടെ ഉപദേശം കേട്ടാണ് ഇതൊക്കെ പറയുന്നതെങ്കിൽ മുഖ്യമന്ത്രിയോടു സഹതാപമുണ്ട് എന്ന് മുരളീധരൻ പറഞ്ഞു.

വിവാഹം കഴിക്കാന്‍ വരുന്നവരും അവരുടെ ബന്ധുക്കളും ക്വാറന്റൈനില്‍ കഴിയേണ്ടതില്ല എന്ന് കേരള സര്‍ക്കാര്‍ പറയുന്നു. വിവാഹ വീടുകളെ കൊറോണ വൈറസ് ഒഴിവാക്കുമോയെന്ന് ഏതെങ്കിലും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടോ ? കേരളത്തിനു വേണ്ടി മാത്രം പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ മുഴുവന്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനങ്ങള്‍ അവരെ ക്വാറന്റൈനില്‍ വെയ്ക്കണം. അവരെ പരിശോധനയ്ക്ക് വിധേയരാക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് അതിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.