രാജ്യദ്രോഹ കുറ്റം നിലനിർത്തണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; അന്തിമവാദം ചൊവ്വാഴ്ച

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമം ദുപുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. രാജ്യദ്രോഹകുറ്റങ്ങളുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കേന്ദ്രത്തിന്റെ വാദം. ഭരണഘടനാസാധുത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ തിങ്കളാഴ്ച്ച വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ ചൊവ്വാഴ്ച്ചയാണ് അന്തിമവാദം.

രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ വിശാലബെഞ്ചിന് നല്‍കേണ്ടെന്നാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞത്. ദുപുപയാഗം തടയാന്‍ മാര്‍ഗനിര്‍ദ്ദേശം കൊണ്ടുവരണം. ദുപുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. രാജ്യദ്രോഹകുറ്റം നിലനില്‍ക്കുമെന്ന 1962 ലെ കേദാര്‍നാഥ് കേസിലെ വിധി പുനപരിശോധിക്കണമെന്ന ഹര്‍ജിക്കാരുടെ വാദത്തെയും എതിര്‍ത്തു.

കൊളോണിയല്‍ നിയമത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി ആളുകള്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നിയമം പൗരന് ഭരണഘടന നല്‍കുന്ന സംരക്ഷണമാണ് ഇല്ലാതാക്കുന്നത്. രാജ്യദ്രോഹനിയമം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.

കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജികൾ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും തൃണമൂൽ എംപി മഹുവ മൊയ്ത്രയും ഉൾപ്പെടെ അഞ്ച് കക്ഷികളാണ് സമർപ്പിച്ചത്.

Read more

കേസ് ഇനി മാറ്റില്ലെന്നും ചൊവ്വാഴ്ച അന്തിമവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. വാദത്തിനായി രണ്ടു കൂട്ടര്‍ക്കും ഓരോ മണിക്കൂര്‍ വീതം അനുവദിക്കും. വിശാലബെഞ്ചിന് വിടുന്നതടക്കമുള്ള കാര്യങ്ങള്‍ അതിന് ശേഷം തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.