യുപിയില്‍ ബിജെപി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു; യോഗിക്കും പൊലീസിനുമെതിരെ തിരിഞ്ഞ് നേതാക്കളും പ്രവര്‍ത്തകരും

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു. മുറാദാബാദ് ജില്ലയിലെ പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് ഇയാളുടെ വീടിന് പുറത്താണ് കൊലപാതകം നടന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.

34 കാരനായ അനുജ് ചൗധരിയും മറ്റൊരാളും വീടിന് പുറത്തേക്ക് നടന്നു പോകുമ്പോള്‍ ബൈക്കിലെത്തിയ മൂന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയേറ്റ് നിലത്ത് വീണ ശേഷവും ഇയാള്‍ക്കു നേരെ തുടരെ വെടിയുതിര്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഉടന്‍ തന്നെ മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പ് നടന്ന വിവരം അറിഞ്ഞ് വൈകീട്ടാണ് പൊലീസ് സ്ഥലത്തെത്തിയത്. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമിത് ചൗധരി, അനികേത് എന്നിവര്‍ക്കെതിരെ കേസെടുത്തു.

കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് മുറാദാബാദ് എസ്എസ്പി ഹേംരാജ് മീണ പറഞ്ഞു. പട്ടാപ്പകല്‍ നടന്ന വെടിവെയ്പ്പിനെതിരെ യോഗി സര്‍ക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. പൊലീസ് നിഷ്‌ക്രിയമാണെന്നും സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സേന സ്ഥലത്ത് എത്തിയതെന്നും ബിജെപിയുടെ പ്രദേശിക നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.