ലൈംഗിക ആരോപണ കേസ്: 'ആ ബെഞ്ചിലെ എന്റെ സാന്നിദ്ധ്യം ഒഴിവാക്കാമായിരുന്നു' രഞ്ജന്‍ ഗൊഗോയ്

തനിക്കെതിരായ ലൈംഗികാരോപണ കേസില്‍ ആദ്യമായി പ്രതികരിച്ച് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും, രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയ്. താന്‍ കേസ് പരിഗണിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നില്ലെങ്കില്‍ നന്നായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ആ ബെഞ്ചില്‍ എന്റെ സാന്നിദ്ധ്യം ഒഴിവാക്കാമായിരുന്നു. ഞാന്‍ ആ ബെഞ്ചില്‍ ജഡ്ജിയാകാന്‍ പാടില്ലായിരുന്നു. ഞാന്‍ അത് അംഗീകരിക്കുന്നു’ അദ്ദേഹം പറഞ്ഞു. ‘ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ്’ എന്ന അദ്ദേഹത്തിന്റെ ആത്മകഥുടെ പ്രകാശന ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൊഗോയ്.

പുസ്തകത്തില്‍ ‘പരമോന്നത ആരോപണങ്ങളും എന്റെ സത്യാന്വേഷണവും’ എന്ന തലക്കെട്ടിലുള്ള അധ്യായത്തില്‍ കേസിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. 2019 ഏപ്രില്‍ 19 നാണ് സുപ്രീംകോടതിയിലെ വനിത ജീവനക്കാരി രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് എല്ലാ സുപ്രീംകോടതി ജഡ്ജിമാര്‍ക്കും നിരവധി മാധ്യമങ്ങള്‍ക്കും അവര്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ അവധി ദിവസമായ ശനിയാഴ്ച രാവിലെ ജസ്റ്റിസ് ഗൊഗോയ് മൂന്നംഗ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗ് വിളിച്ചുചേര്‍ത്ത് സംഭവത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.

ജുഡീഷ്യല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബെഞ്ച് രൂപീകരിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന് തിരിച്ചറിഞ്ഞ് ഉടന്‍ പ്രത്യേക സിറ്റിംഗിന് ഉത്തരവിടുകയായിരുന്നു എന്ന് അദ്ദേഹം പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത്. ബാറിലും ബെഞ്ചിലും ഏകദേശം 45 വര്‍ഷമായി കെട്ടിപ്പടുത്ത പ്രശസ്തി നശിപ്പിക്കാന്‍ ശ്രമം നടന്നപ്പോള്‍ അതിനെ അദ്ദേഹം പ്രതിരോധിക്കുകയായിരുന്നു.

ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി രൂപീകരിക്കുകയും, പിന്നീട് ഗൊഗോയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ പുറത്താക്കിയ ജീവനക്കാരിയെ തിരിച്ചെടുക്കുയും ചെയ്തു. എല്ലാവരും തെറ്റുകള്‍ ചെയ്യുന്നവരാണ്. ജഡ്ജിമാര്‍ പോലും മനുഷ്യരാണ്. തെറ്റുകള്‍ അംഗീകരിക്കുന്നുവെന്നും, അതില്‍ യാതൊരു മടിയുമില്ലെന്നും ഗൊഗോയ് പറഞ്ഞു. അതേസമയം തനിക്കെതിരായ ജീവനക്കാരിയുടെ ലൈംഗിക ആരോപണത്തെ രഞ്ജന്‍ ഗൊഗോയ് തളളി.