ആദ്യത്തെ തീവ്രവാദി ഹിന്ദുവാണെന്ന പ്രസ്താവന; കമല്‍ഹാസന് എതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവാണ് എന്ന പ്രസ്താവനയില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം അരുവാകുറിച്ചിയിലെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. കമല്‍ഹാസന്‍ തീക്കളി നടത്തുകയാണ് എന്നായിരുന്നു ബിജെപിയുടെ ഇതിനോടുള്ള പ്രതികരണം.

സെക്ഷന്‍ 153 എ, 295 എ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് കേസ്. നാഥുറാം ഗോഡ്സെയെ ഹിന്ദു ഭീകരവാദി എന്ന് വിശേഷിപ്പിച്ചതിലൂടെ കമല്‍ഹാസന്‍ മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയിലും കേസുണ്ട്. നാളെ മെട്രോപൊളിറ്റന്‍ കോടതി കേസ് പരിഗണിക്കും.

“സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ഗോഡ്‌സേയാണെന്നും ആയിരുന്നു നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍ പറഞ്ഞത്. ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.

കമല്‍ഹാസന് പിന്തുണയുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും ദ്രാവിഡര്‍ കഴഗവും കമലിനെ പിന്തുണച്ചിരുന്നു. അതേസമയം കമല്‍ഹാസന്റെ നാവ് മുറിച്ചു കളയണമെന്നായിരുന്നു ബി.ജെ.പി സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ നേതാവും ക്ഷീരവികസന മന്ത്രിയുമായ കെ.ടി രാജേന്ദ്ര ബാലാജി പറഞ്ഞത്.