വ്യോമസേനയ്ക് 56 സൈനിക ഗതാഗത വിമാനം വാങ്ങുന്നു; 40 എണ്ണം ഇന്ത്യയിൽ നിർമ്മിക്കും

ഏകദേശം 60 വർഷം പഴക്കമുള്ള ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ മാറ്റി അമ്പത്തിയാറ്‌ C-295MW ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ വാങ്ങുന്നതിനായി എയർബസ് ഡിഫൻസ്, സ്പെയ്സ് ഓഫ് സ്പെയിൻ എന്നിവയുമായുള്ള കരാർ ബുധനാഴ്ച കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതിൽ ഭൂരിഭാഗം വിമാനങ്ങളും ഇന്ത്യയിൽ ടാറ്റ കൺസോർഷ്യം നിർമ്മിക്കുമെന്ന നിബന്ധനയുള്ള കരാറിന് കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി.

ഇന്ത്യൻ വ്യോമസേനയുടെ പഴക്കംചെന്ന അവ്രോസിന് പകരമായി പുതിയതായി വാങ്ങുന്ന മിലിട്ടറി ട്രാൻസ്പോർട്ട് വിമാനം പ്രവർത്തിക്കുമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രസ്താവനയിൽ പറയുന്നു. 20,000 കോടി മുതൽ 21,000 കോടി രൂപ വരെയാണ് ചിലവ് കണക്കാക്കുന്നത്.

കരാർ ഒപ്പിട്ട് 48 മാസത്തിനുള്ളിൽ പറക്കാൻ സജ്ജമായിട്ടുള്ള പതിനാറ് C-295MWs സ്പെയിനിൽ നിന്ന് വിതരണം ചെയ്യുമെന്നും 10 വർഷത്തിനുള്ളിൽ 40 എണ്ണം ഇന്ത്യയിൽ ടാറ്റ നിർമ്മിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ഒരു സ്വകാര്യ കമ്പനി ഇന്ത്യയിൽ ഒരു മിലിട്ടറി എയർക്രാഫ്റ്റ് നിർമ്മിക്കുന്ന ആദ്യ പദ്ധതിയാണിത്.

5-10 ടൺ കപ്പാസിറ്റിയുള്ളതാണ് C-295MW, പെട്ടെന്നുള്ള പ്രതികരണത്തിനും സൈന്യത്തിൻറെയും ചരക്കുകളുടെയും പാരാ ഡ്രോപ്പിംഗിനുമായി റിയർ റാമ്പ് ഡോർ ഉള്ള അത്യാധുനിക സാങ്കേതികവിദ്യയും വിമാനത്തിൽ ഉണ്ട്. കേന്ദ്രത്തിന്റെ ആത്മനിർഭർ പദ്ധതിക്ക് കരാർ പ്രചോദനമാകുമെന്നും, വ്യോമയാന വ്യവസായത്തിലേക്ക് ഇന്ത്യയിലെ സ്വകാര്യമേഖലയ്ക്ക് ഒരു അതുല്യ അവസരമാണ് കരാർ വാഗ്ദാനം ചെയ്യുന്നതെന്നും സർക്കാർ പറഞ്ഞു.