ബോണ്‍വീറ്റ ഹെല്‍ത്ത് ഡ്രിങ്ക് അല്ല; ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം; നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ബോണ്‍വീറ്റക്കെതിരെ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികയില്‍ നിന്ന് ബോണ്‍വീറ്റയെ ഒഴിവാക്കണമെന്ന നിര്‍ദേശം ഇ കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്രം നല്‍കി.

ഹെല്‍ത്ത് ഡ്രിങ്ക് എന്ന പേരില്‍ ബോണ്‍വീറ്റ വില്‍ക്കുന്നത് ഒഴിവാക്കാനും പട്ടികയില്‍ നിന്ന് ഒഴിവാക്കാനുമാണ് വാണിജ്യ വ്യവസായ മന്ത്രാലം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2006 പ്രകാരം ഹെല്‍ത്ത് ഡ്രിങ്കുകള്‍ക്കു നിര്‍വചനം നല്‍കിയിട്ടില്ലെന്നുള്ള ദേശീയ ബാലാവകാശ കമീഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. കമീഷന്‍ നടത്തിയ അന്വേഷണത്തില്‍ ബോണ്‍വിറ്റയില്‍ അനുവദിച്ചതിലും കൂടുതല്‍ പഞ്ചസാരയുടെ അളവ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബോണ്‍വീറ്റ ഉള്‍പ്പെടെയുള്ള ഡ്രിങ്കുകളെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെടുകയും ആരോഗ്യകരമായ പാനീയങ്ങള്‍ എന്ന പേരില്‍ നല്‍കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ എഫ്എസ്എസ്എഐയോട് നേരത്തേ നിര്‍ദേശിച്ചിരുന്നു.

രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളില്‍ ‘ഹെല്‍ത്ത് ഡ്രിങ്ക്’ എന്നൊരു വിഭാഗം ഇല്ലാത്തതിനാല്‍ ആ പേരില്‍ ഒരു ഉല്പന്നം വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. പാല്‍ ഉയോഗിച്ചുണ്ടാക്കുന്ന പാനീയങ്ങളെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ എന്ന് വിളിക്കുന്നതിനെതിരെ എഫ്എസ്എസ്എഐ നേരത്തെ രംഗത്തുവന്നിരുന്നു.