ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം; തൊണ്ണൂറ്റിയൊമ്പതിനായിരം കോടിയുടെ കരാറിന് ഒരുങ്ങി ഇന്ത്യയും ബ്രിട്ടനും

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് ഇന്ത്യയിലെത്തി. സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തൊണ്ണൂറ്റിയൊമ്പതിനായിരം കോടിരൂപയുടെ കരാറിന് വേണ്ടി ഒരുങ്ങുകയാണ്. ഗുജറാത്തില്‍ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ന് അഹമ്മദദാബദില്‍ വെച്ച് ബിസിനസ് പ്രമുഖരുമായി ചര്‍ച്ച നടത്തും.

നാളെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച നടത്തും. ആരോഗ്യം, 5ജി, സോഫ്റ്റുവെയര്‍ എന്‍ജിനിയറിങ്, നിര്‍മിത ബുദ്ധി എന്നീ മേഖലകളിലെ സഹകരണത്തിനാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെയ്ക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായി രാജ്യത്ത് എത്തുന്ന അദ്ദേഹത്തിന് നാളെ രാഷ്ട്രപതി ഭവനില്‍ ഔപചാരിക വരവേല്‍പ്പ് നല്‍കും. ശേഷം രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ ആദരവ് അര്‍പ്പിക്കും.

നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രതിരോധം, വ്യാപാരം, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളാകും ചര്‍ച്ചയാകുക. സ്വതന്ത്ര വ്യാപാരക്കരാര്‍, വായ്പത്തട്ടിപ്പ് കേസ് പ്രതികളായ വിജയ് മല്യയുടെയും നീരവ് മോദിയുടെയും കൈമാറ്റം എന്നിവയും ഭീകരവാദത്തിനെതിരായ നയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയില്‍ ഇടം നേടിയേക്കാം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ബോറിസ് ജോണ്‍സണ്‍ ചര്‍ച്ച നടത്തും.

ഇന്ന് രാവിലെ അഹമ്മദാബാദിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ ഗവർണർ ആചാര്യ ദേവവ്രതും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്നാണ് സ്വീകരിച്ചത്.