കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു: നരേന്ദ്ര മോദി

ബംഗാള്‍, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ബിജെപി പ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഈ സംസ്ഥാനങ്ങളിലെ ബിജപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നെന്നും വെല്ലുവിളികള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന ഈ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.

ഹൈദരാബാദില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തോട് അനുബന്ധിച്ചു നടന്ന റാലിയിലാണ് മോദിയുടെ പരാമര്‍ശം. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെയും കോണ്‍ഗ്രസിനെതിരെയും മോദി ആഞ്ഞടിച്ചു. കുടുംബ വാഴ്ച അവസാനിപ്പിക്കേണ്ട സമയമായെന്നും കുടുംബവാഴ്ച രാഷ്ട്രീയത്തെ യുവാക്കള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരബാദിനെ ഭാഗ്യനഗര്‍ എന്നായിരുന്നു പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിനെ ഭാഗ്യ നഗര്‍ ആക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അതേസമയം ഗുജറാത്ത് കലാപത്തിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്നാണ് ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ അമിത് ഷാ അഭിപ്രായപ്പെട്ടത്. മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവും എന്ന് കോടതി കണ്ടെത്തിയരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.