ഇന്ത്യക്കാരാണോ അല്ലയോ എന്ന് ബിജെപി തീരുമാനിക്കേണ്ട; എൻ‌പി‌ആർ നടപടികളുമായി സഹകരിക്കില്ലെന്ന് അഖിലേഷ് യാദവ്

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ‌പി‌ആർ) നടപടികളുമായി സഹകരിക്കില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍  പൗരത്വം നിർണ്ണയിക്കുന്നതിനുള്ള ഫോം പൂരിപ്പിക്കില്ലെന്നും അദ്ദേഹം  വ്യക്താക്കി.

“”ഞങ്ങള്‍ ഇന്ത്യക്കാരാണോ അല്ലയോ എന്ന് ബിജെപി തീരുമാനിക്കേണ്ട. ഞങ്ങള്‍ക്ക് എന്‍പിആര്‍ വേണ്ട. ഞങ്ങൾക്ക് വേണ്ടത് തൊഴിൽ, ഉപജീവനമാർഗം എന്നിവയാണ്. സമ്പദ്‌വ്യവസ്ഥ ഐസിയുവിലാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്””- അഖിലേഷ് യാദവ് പറഞ്ഞു.

“”മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ വഴി കാണിച്ചിരുന്നു. അദ്ദേഹം ചില കാര്‍ഡുകള്‍ കത്തിച്ചിരുന്നു. ഇവിടെ, എന്‍പിആര്‍ ഫോമുകള്‍ പൂരിപ്പിക്കാത്ത ആദ്യത്തെയാളായിരിക്കും ഞങ്ങള്‍. ഞാന്‍ ഒരു ഫോമും പൂരിപ്പിക്കില്ല, നിങ്ങള്‍ പൂരിപ്പിക്കണോ വേണ്ടയോ എന്ന് ഇപ്പോള്‍ നിങ്ങള്‍ തീരുമാനിക്കുക””-അദ്ദേഹം പറഞ്ഞു.

Read more

അതേസമയം ജനസംഖ്യാ രജിസ്റ്ററിലെ ചില വിവരങ്ങൾ പൗരത്വ പട്ടികക്ക് വേണ്ടി ഉപയോഗിച്ചേക്കാമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. എന്നാൽ വിവരങ്ങളെല്ലാം ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ എന്‍പിആര്‍ നടപടികള്‍ സംസ്ഥാനത്ത് നിര്‍ത്തിവെക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രഖ്യാപിച്ചിരുന്നു.