ഹിമാചലില്‍ അടിയും തിരിച്ചടിയും, ഡികെയെ ഇറക്കി കോണ്‍ഗ്രസ്; ക്രോസ് വോട്ടിംഗിന് പിന്നാലെ ബിജെപിയുടെ ചാക്കിട്ടുപിടുത്തത്തില്‍ സ്പീക്കറെ വെച്ച് തിരിച്ചടി; കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമോ?

ഹിമാചല്‍ പ്രദേശില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ് സര്‍ക്കാര്‍. ബിജെപിയുടെ ചാക്കിട്ടു പിടുത്തത്തില്‍ കോണ്‍ഗ്രസിലെ വിമത നീക്കം ശക്തിപ്പെട്ടതോടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിംഗ്വി തോറ്റിരുന്നു. ആറ് കോണ്‍ഗ്രസ് എംഎല്‍മാരാണ് അധികാരത്തിലുള്ള സര്‍ക്കാരിനെതിരെ നിന്ന് ബിജെപിയ്ക്കായി ക്രോസ് വോട്ട് ചെയ്തത്. ആകെയുള്ള 68 സീറ്റില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരും ബിജെപിയ്ക്ക് 25 എംഎല്‍എമാരുമാണ് ഉണ്ടായിരുന്നത്. എളുപ്പത്തില്‍ ജയിക്കാനാകുമായിരുന്ന രാജ്യസഭാ സീറ്റാണ് ബിജെപി അട്ടിമറിയിലൂടെ കോണ്‍ഗ്രസിന് നഷ്ടമായത്.

തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കി വിശ്വാസവോട്ടെടുപ്പ് തേടണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നു. കോണ്‍ഗ്രസിലെ വിമത നീക്കത്തിന്റെ ഭാഗമായി മന്ത്രിയും പിസിസി അധ്യക്ഷ പ്രതിഭാ സിങിന്റെ മകനുമായ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവെച്ചതോടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം മറനീക്കി പുറത്തുവന്നു. മുന്‍ ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകനായ വിക്രമാദിത്യ സിങ് പാര്‍ട്ടിക്കുള്ളിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിലായി.

നിലവിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്ത് നീന്ന് മാറ്റി പ്രതിഭാ സിങിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് സംസ്ഥാനത്ത് നടക്കുന്നത്. തന്റെ പിതാവിന്റെ പേര് ഉപയോഗിച്ചാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് പറഞ്ഞു രാജി വെച്ചതിനെ തുടര്‍ന്ന് വിക്രമാദിത്യ സിങ് നയം വ്യക്തമാക്കിയിരുന്നു.

ഒരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ നീക്കാന്‍ ശ്രമിക്കുമ്പോള്‍ നിയമസഭയില്‍ ബിജെപിയുണ്ടാക്കുന്ന പ്രശ്‌നങ്ങളെ സ്പീക്കറെ കൊണ്ട് നേരിടുകയാണ് കോണ്‍ഗ്രസ്. ക്രോസ് വോട്ടിംഗിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ വിജയിച്ചതിന് ശേഷം പ്രതിപക്ഷമായ ബിജെപി സഭയില്‍ കോണ്‍ഗ്രസ് വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളംവെച്ചു. ഇതേ തുടര്‍ന്ന് മുദ്രാവാക്യം വിളിച്ചതിനും മോശമായി പെരുമാറിയതിനും 15 ബിജെപി എംഎല്‍എമാരെ നിയമസഭാ സ്പീക്കര്‍ കുല്‍ദീപ് സിങ് പഥാനിയ ഇന്ന് പുറത്താക്കി. ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ ഉള്‍പ്പെട് വിപിന്‍ സിംഗ് പര്‍മര്‍, രണ്‍ധീര്‍ ശര്‍മ്മ, ലോകേന്ദര്‍ കുമാര്‍, വിനോദ് കുമാര്‍, ഹന്‍സ് രാജ്, ജനക് രാജ്, ബല്‍ബീര്‍ വര്‍മ, ത്രിലോക് ജാംവാല്‍, സുരേന്ദര്‍ ഷോരി, ദീപ് രാജ്, പുരണ്‍ താക്കൂര്‍, ഇന്ദര്‍ സിംഗ് ഗാന്ധി, ദിലീപ് ഠാക്കൂര്‍ എന്നിവരാണ് പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എമാര്‍.

ഹിമാചലില്‍ പാര്‍ട്ടിക്കുള്ളിലെ വിമത നീക്കവും വിക്രമാദിത്യ സിങിന്റെ രാജിയും സമ്മര്‍ദ്ദത്തിലാക്കിയതോടെ കേണ്‍ഗ്രസ് ഹൈക്കമന്‍ഡ് കര്‍ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ മുതിര്‍ന്ന നേതാവ് ഡികെ ശിവകുമാറിനെ വിഷയം നിയന്ത്രിക്കാന്‍ സംസ്ഥാനത്തേക്ക് അയച്ചു. ഒപ്പം മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹൂഡയെയും മലയോര സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. സുഖ്വീന്ദര്‍ സിംഗ് സുഖു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒന്നിപ്പിച്ചു നിര്‍ത്തി എംഎല്‍എമാരുടെ അതൃപ്തി ഇല്ലാതാക്കി സമവായം ഉണ്ടാക്കുകയാണ് മുതിര്‍ന്ന നേതാക്കളെ ഇറക്കി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബിജെപിയാവട്ടെ ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയെ കണ്ടു അവിശ്വാസ പ്രമേയത്തിനുള്ള സാഹചര്യം ഒരുക്കുകയാണ്.

കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഹിമാചലില്‍ പാര്‍ട്ടിയുടെ ആറ് എം.എല്‍.എ.മാരും പാര്‍ട്ടിയെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ മുന്‍മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കമാന്‍ഡ് സുഖുവിനെ മുഖ്യമന്ത്രിയാകുകയായിരുന്നു. ഇതോടെയാണ് പ്രതിഭയും മകനായ വിക്രമാദിത്യ സിങും പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയത്. കോണ്‍ഗ്രസ് സ്വന്തം പാളയത്തിലെ പ്രതിസന്ധി തിരിച്ചറിയാതെ നിന്നപ്പോള്‍ കോണ്‍ഗ്രസുകാരനായിരുന്ന 2022ല്‍ പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയ ഹര്‍ഷ മഹാജനെ ബിജെപി സ്ഥാനാര്‍ഥിയാക്കി.അഭിഷേക് മനു സിങ് വിയെ നിര്‍ത്തുന്നതില്‍ ഹിമാചല്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ എതിര്‍പ്പ് അവഗണിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ ഈ നീക്കത്തിലൂടെ ബിജെപി തകര്‍ക്കുകയായിരുന്നു. ഇനി എങ്ങനെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം അവസാനിപ്പിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴാതെ കാക്കുമെന്നതാണ് ഹിമാചലില്‍ നിന്ന് അറിയാനുള്ളത്. സുഖുവിനെ മാറ്റി പ്രതിഭ സിങ്ങിനെയോ വിക്രമാദിത്യ സിങ്ങിനെയോ മുഖ്യമന്ത്രിയാക്കി സമവായ ഫോര്‍മുല ഉണ്ടാകുമോ എന്ന ചോദ്യം ബാക്കിയാണ്. ആകെ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ കയ്യിലുള്ളത്. അതിലൊന്ന് കൂടി നഷ്ടമാകുമോയെന്ന ആധി പാര്‍ട്ടിക്കുണ്ട്, അതും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍.