'ആർ.എസ്.എസ് മൂർഖൻ, ബി.ജെ.പി പാമ്പ്; താൻ ഉത്തർപ്രദേശിലെ കീരി' - സ്വാമി പ്രസാദ് മൗര്യ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സർക്കാർ വിടുകയും ബിജെപിയിൽ നിന്ന് പിന്നോക്ക വിഭാഗം നേതാക്കളുടെ കൊഴിഞ്ഞു പോക്കിന് നേതൃത്വം നൽകുകയും ചെയ്യുന്ന സ്വാമി പ്രസാദ് മൗര്യ തന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് സമാന്തരമായ ഉപമയുമായി രംഗത്തെത്തി.ആർഎസ്എസ് മൂർഖനും ബിജെപി പാമ്പുമാണ്. ഇവർ യുപിയിൽ നിന്ന് തുടച്ചുനീക്കപ്പെടുന്നതുവരെ തളരാത്ത കീരിയാണ് താനെന്ന് സ്വാമി പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ഉത്തർപ്രദേശ് ബിജെപിയിലെ കൊഴിഞ്ഞുപോക്ക് തുടരുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രി വ്യാഴാഴ്ച രാജിവെച്ചു. ആയുഷ് വകുപ്പ് മന്ത്രിയും നാകുര്‍ എംഎല്‍എയുമായ ധരം സിംഗ് സൈനിയാണ് രാജി പ്രഖ്യാപിച്ചത്. ഫിറോസാബാദ് എംഎല്‍എ മുകേഷ് വര്‍മ ഇന്ന് രാവിലെ രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ധരം സിംഗ് സൈനിയുടെ രാജി. വിനയ് ശാക്യയെന്ന മറ്റൊരു എംഎല്‍എയും ഇന്ന് രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച എംഎല്‍എമാരുടെ എണ്ണം ഒമ്പതായി. ഇതില്‍ മൂന്ന് മന്ത്രിമാരും ഉള്‍പ്പെടുന്നു. മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ദാരാസിംഗ് ചൗഹാനുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച മറ്റു മന്ത്രിമാര്‍. സ്വാമി പ്രസാദ് മൗര്യയുമായി ബന്ധം പുലര്‍ത്തുന്നവരാണ് ബിജെപി വിടുന്ന ഭൂരിപക്ഷം എംഎല്‍എമാരും.