കുതിരയ്ക്ക് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചു; പരാതിയുമായി മനേക ഗാന്ധിയുടെ സന്നദ്ധ സംഘടന

ബി.ജെ.പിയുടെ ജൻ ആശീർവാദ യാത്രയിൽ കുതിരയ്ക്ക് ബി.ജെ.പി പതാകയുടെ പെയിന്റടിച്ച സംഭവത്തിൽ ഇൻഡോർ പൊലീസിൽ മനേക ഗാന്ധിയുടെ സന്നദ്ധ സംഘടന പരാതി നൽകി.

ബി.ജെ.പി. എം.പി മനേക ഗാന്ധിയുടെ എൻ.ജി.ഒ. ആയ പി.എഫ്.എ ആണ് പരാതി നൽകിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരമാണ് എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മുൻ മുനിസിപ്പൽ കോർപ്പറേറ്റർ രാംദാസ് ഗാർഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്‌ക്കെടുത്ത് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചത്.

പുതിയ കേന്ദ്ര മന്ത്രിമാരെ ജനങ്ങൾക്ക് പരിചയപ്പെടുത്താനെന്ന പേരിൽ 22 സംസ്ഥാനങ്ങളിലൂടെയാണ് ബി.ജെ.പിയുടെ ജൻ ആശീർവാദ യാത്ര കടന്നുപോകുന്നത്.

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇൻഡോറിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര നടത്തിയത്.