“തോക്കുകളോടുള്ള ഞങ്ങളുടെ പ്രതികരണം തോക്കുകൾ കൊണ്ടായിരിക്കും ”: മംഗളൂരുവിൽ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ പൊലീസ് വെടിവെയ്പ്പിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ്

മംഗളൂരുവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ പൊലീസ് നടത്തിയ വെടിവെയ്പിനെ ന്യായീകരിച്ച്‌ തമിഴ്‌നാട്ടിലെ മുതിർന്ന ബി.ജെ.പി നേതാവ്. തോക്കുകളോ ഇഷ്ടികകളോ ഉപയോഗിച്ച്‌ ആക്രമണങ്ങളോട് അധികൃതർ പ്രതികരിക്കുമെന്ന് ബി.ജെ.പി നേതാവ്പറഞ്ഞു.

“തോക്കുകളോടുള്ള ഞങ്ങളുടെ പ്രതികരണം തോക്കുകൾ കൊണ്ടായിരിക്കും ,” ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ വെള്ളിയാഴ്ച ചെന്നൈയിൽ പറഞ്ഞു.

ബിജെപി ഭരിക്കുന്ന കർണാടകയിലെ തുറമുഖ നഗരമായ മംഗളൂരുവിൽ പൊലീസ് നടത്തിയ വെടിവെയ്പിൽ ജലീൽ (49), നോഷീൻ (23) എന്നിവർ മരിച്ചിരുന്നു.

“നൂറുകണക്കിന് ആളുകളെ കൊല്ലാൻ അവർ ആഗ്രഹിച്ചു. അതിനാൽ പൊലീസിന് മറ്റ് വഴികളില്ല. അവർക്ക് വെടിവെയ്ക്കേണ്ടി വന്നു,” വിവാദപരമായ പരാമർശങ്ങൾ നടത്തി ചരിത്രമുള്ള രാജ പറഞ്ഞു.

രാജ്യം മുഴുവൻ തീ കൊളുത്തുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ ഉദ്ദേശ്യം. പൊലീസുകാർ ആക്രമിക്കപ്പെട്ടു. ഡിസംബർ 23- ന് പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിക്ക് പ്രതിപക്ഷ പാർട്ടിയായ ഡി‌എം‌കെക്ക് അനുമതി നിഷേധിക്കാൻ എച്ച് രാജ ചെന്നൈ പൊലീസിനോട് ആഹ്വാനം ചെയ്തു, അക്രമത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്നും ക്രിസ്മസ് അവധിദിനങ്ങൾ ആസ്വദിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.