'രേഖകൾ ഒക്കെ സൂക്ഷിച്ചു വച്ചോളൂ എൻ‌.പി‌.ആറിന്റെ സമയത്ത് വീണ്ടും കാണിക്കേണ്ടിവരും': പോളിംഗ് ബൂത്തിൽ മുസ്ലീം സ്ത്രീകളെ പരിഹസിച്ച് ബി.ജെ.പി

ഡൽഹിയിലെ പോളിംഗ് ബൂത്തിന് പുറത്ത് ക്യൂവിൽ നിൽക്കുന്ന മുസ്ലീം സ്ത്രീകളെ പരിഹസിച്ച് ബി.ജെ.പിയുടെ കർണാടക യൂണിറ്റിന്റെ ഔദ്യോഗിക ട്വീറ്റ്.  മുസ്ലീം സ്ത്രീകൾ വോട്ടർ ഐഡി കാർഡുകൾ കാണിച്ചു കൊണ്ട് പോളിങ് ബൂത്തിന് പുറത്ത് നിൽക്കുന്ന വീഡിയോ ബി.ജെ.പി കർണാടക യൂണിറ്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവെക്കുകയും, അതോടൊപ്പം:
“കാഗസ് നഹി ഡികയെങ്കെ ഹം”! ! ! (രേഖകൾ ഞങ്ങൾ കാണിക്കില്ല)

രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക, എൻ‌പി‌ആർ‌ [ദേശീയ ജനസംഖ്യാ രജിസ്റ്റർ‌] പ്രക്രിയയിൽ നിങ്ങൾ അവ വീണ്ടും കാണിക്കേണ്ടിവരും, എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തു. ട്വീറ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ ഡൽഹിയിലെ പോളിംഗ് ബൂത്തുകളിലൊന്നാണെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ സാധാരണ താമസക്കാരുടെ രജിസ്റ്ററാണ് എൻ‌.പി‌.ആർ. പൗരത്വ നിയമം, 1955, പൗരത്വം (പൗരന്മാരുടെ രജിസ്ട്രേഷൻ, ദേശീയ ഐഡന്റിറ്റി കാർഡുകളുടെ വിതരണം) ചട്ടങ്ങൾ, 2003 എന്നിവ പ്രകാരം പ്രാദേശിക (ഗ്രാമം / ഉപനഗരം), ഉപജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ ശേഖരിച്ച വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

രാജ്യത്തുടനീളമുള്ള പൗരത്വ നിയമ ഭേദഗതി (സി‌എ‌എ) വിരുദ്ധ പ്രതിഷേധത്തിൽ “കാഗസ് നഹി ദിഖായെങ്കെ (രേഖകൾ ഞങ്ങൾ കാണിക്കില്ല)” എന്ന മുദ്രാവാക്യം മുഴങ്ങിയിരുന്നു. ഇതിനെ പരിഹസിച്ചാണ് ബി.ജെ.പിയുടെ ട്വീറ്റ്.