ലോക്സഭാ അം​ഗസംഖ്യ ആയിരമായി ഉയർത്തുന്നു; പുതിയ പാർലമെന്റ് മന്ദിരത്തിൽ ആയിരം സീറ്റുകൾ, ബി.ജെ.പി സൂചന നൽകിയെന്ന് മനീഷ് തിവാരി

2024ന് മുമ്പ് ലോക്സഭാ എം.പിമാരുടെ എണ്ണം 543 ൽ നിന്ന് ആയിരമായി ഉയർത്താൻ ബി.ജെ.പി ആലോചനകൾ നടത്തുന്നതായി കോൺ​ഗ്രസ് നേതാവ് മനീഷ് തിവാരി.

ട്വിറ്ററിലൂടെയാണ് മനീഷ് തിവാരി വിവരം പുറത്ത് വിട്ടത്. ബി.ജെ.പി എം.പിമാരിൽ നിന്നാണ് തനിക്ക് ഈ വിവരങ്ങൾ ലഭിച്ചതെന്നും മനീഷ് തിവാരി പറയുന്നു.

2024ന് മുമ്പ് ലോക്സഭയുടെ അം​ഗസംഖ്യ ആയിരമോ അതിൽ കൂടുതലോ ആക്കാനാണ് തീരുമാനമെന്ന അവിശ്വസനീയമായ വിവരം ബി.ജെ.പി എംപിമാരിൽ നിന്നും ലഭിച്ചു. പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് ജനങ്ങളിൽ നിന്ന് അഭിപ്രായം തേടേണ്ടതുണ്ട്- മനീഷ് തിവാരി ട്വീറ്റ് ചെയ്തു.

തീരുമാനത്തിനെതിരെ കോൺ​ഗ്രസ് എം.പി കാർത്തി ചിദംബരവും രം​ഗത്തെത്തി. വിഷയം പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടത് ആവശ്യകതയാണ്. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ഉണ്ടാവേണ്ടതുണ്ട്. ജനസംഖ്യയെ ആധാരമാക്കിയാണ് സീറ്റുകൾ വർധിപ്പിക്കുന്നതെങ്കിൽ, അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കും. അതൊരിക്കലും അംഗീകരിക്കാനാവില്ല- അദ്ദേഹം ട്വീറ്റ് ചെയ്ത്.

നിലവിൽ ലോക്സഭയിൽ 543 ഉം രാജ്യസഭയിൽ 245 ഉം അംഗങ്ങളാണുള്ളത്. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചതിനെത്തുടർന്ന് പാർലമെന്റിൽ എം.പിമാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് സർക്കാർ നേരത്തെ സൂചന നൽകിയിരുന്നു.

സമീപഭാവിയിൽ തിന്നെ എം.പിമാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് കരുതുന്നതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള 2020 ഡിസംബറിൽ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.