'ഒരു സർക്കാർ വിജയിക്കണമെങ്കിൽ ന്യൂനപക്ഷങ്ങളെയും കൂടെ കൂട്ടണം'; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി സഖ്യകക്ഷി അകാലിദൾ

കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനം ഉന്നയിച്ച്ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളും. ഒരു സർക്കാർ വിജയിക്കണമെങ്കിൽ ന്യൂനപക്ഷങ്ങളെയും കൂടെ കൂട്ടണമെന്ന് ശിരോമണി അകാലിദളിന്‍റെ മുതിർന്ന നേതാവ് പ്രകാശ് സിംഗ് ബാദൽ പറഞ്ഞു. അമൃതസറിൽ നടത്തിയ റാലിയിൽ പങ്കെടുക്കവെയാണ് പ്രകാശ് സിംഗ് ബാദൽ വിമർശനവുമായി രംഗത്തെത്തിയത്.

“”രാജ്യത്തെ നിലവിലെ സംഭവവികാസങ്ങളിൽ വലിയ ആശങ്കയുണ്ട്. എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടണം. ഒരു സർക്കാർ വിജയിക്കണമെങ്കിൽ ന്യൂനപക്ഷങ്ങളെയും കൂടെ കൂട്ടണം””- ബാദൽ വ്യക്തമാക്കി.

ഹിന്ദു, മുസ് ലിം, ക്രിസ്ത്യൻ, സിഖ് എന്നീ മതവിഭാഗങ്ങൾ ഒരു കുടുംബത്തെ പോലെയാണ് കഴിയുന്നത്. വിദ്വേഷം പരത്തുകയല്ല, അവർ പരസ്പരം ആശ്ലേഷിക്കുകയാണ് വേണ്ടത്. മതേതര ജനാധിപത്യ രാജ്യത്തെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. മതേതരത്വം ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തെ തന്നെ തകർക്കും. അധികാരത്തിലിരിക്കുന്നവർ ഇന്ത്യയെ മതേതര രാജ്യമായി കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.