'5500 കോടി എറിഞ്ഞ് 277 എം.എല്‍.എമാരെ ബി.ജെ.പി കൂടെ ചേര്‍ത്തു'; ഗുരുതര ആരോപണവുമായി കെജ്‌രിവാള്‍

വിവിധ പാര്‍ട്ടികളിലെ എംഎല്‍എമാരെ വാങ്ങാന്‍ ബിജെപി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. വെള്ളിയാഴ്ച ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

‘വിവിധ പാര്‍ട്ടികളുടെ ഭാഗമായി മത്സരിച്ച് പിന്നീടു ബിജെപിയില്‍ ചേര്‍ന്നത് ഇതുവരെ 277 എംഎല്‍എമാരാണ്. അവര്‍ക്ക് 20 കോടി വീതം വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ ആകെ 277 എംഎല്‍എമാര്‍ക്കായി 5,500 കോടിയാണ് ബിജെപി ചെലവാക്കിയിട്ടുള്ളത്.’

‘ഇന്ത്യയിലുടനീളം ബിജെപി ‘ഓപ്പറേഷന്‍ ലോട്ടസ്’ നടത്തിക്കൊണ്ടിരിക്കുന്നു. അടുത്തിടെ അവര്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിച്ചു. ഇപ്പോള്‍ ജാര്‍ഖണ്ഡിനെയാണ് നോട്ടമിടുന്നത്. വീണ്ടും ഡല്‍ഹിയില്‍ കണ്ണുവെയ്ക്കുന്നു. എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചനയാണ് നടത്തിയത്’ കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ 40 എഎപി എംഎല്‍എമാരെ വാങ്ങാന്‍ 800 കോടി ബിജെപി ചെലവഴിച്ചുവെന്ന് കഴിഞ്ഞദിവസം കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. അതിനുപിന്നാലെയാണ് ഈ പുതിയ ആരോപണവും വന്നിരിക്കുന്നത്.