'33 സീറ്റുകളിൽ ലീഡ് 7'; ബീഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനൊപ്പം ഇടതിനും അടിതെറ്റി, പരമ്പരാഗത ഇടതുബെൽറ്റിൽ വൻ തോൽവി

ബിഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനൊപ്പം അടിതെറ്റി ഇടതും. കഴിഞ്ഞ തവണ 29 സീറ്റുകളിൽ മത്സരിച്ച് 16 സീറ്റുകളുമായി മിന്നുന്ന ജയം നേടിയ ഇടതുപാർട്ടികൾക്ക് ഇത്തവണ അടിതെറ്റുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. സിപിഐഎംഎല്ലും സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതു പാർട്ടികൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 29 സീറ്റുകളിൽ മത്സരിച്ച് 16 സീറ്റുകളിൽ വിജയിച്ചിരുന്നെങ്കിലും ഇത്തവണ എട്ട് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാൻ സാധിച്ചത്. 33 സീറ്റുകളിലേക്കാണ് ഇത്തവണ ബിഹാറിൽ ഇടതുപാർട്ടികൾ മത്സരിച്ചത്. ബിഹാറിലെ പ്രബല ഇടതുപാർട്ടിയായ സിപിഐഎംഎൽ കഴിഞ്ഞ തവണ 12 സീറ്റുകളിൽ വിജയിച്ചപ്പോൾ ഇത്തവണ ലീഡ് നേടിയത് വെറും 7 സീറ്റുകളിൽ മാത്രമാണ്.

കഴിഞ്ഞ തവണ 2 വീതം സീറ്റുകളിൽ വിജയിച്ച സിപിഎമ്മും സിപിഐയും ഓരോ സീറ്റിലേക്ക് ഒതുങ്ങി. കഴിഞ്ഞ തവണ സിപിഐഎംഎൽ വിജയിച്ചത് സിക്സ്, ബൽറാംപുർ, സിറാദെ, ധരൗലി, ഫുൽവാരി, പാലിഗഞ്ച്, അഗൗൻ, തരാരി, ഡുംറോൺ, കാരക്കാട്ട്, അർവാൾ, ഘോഷി മണ്ഡലങ്ങളിലായിരുന്നു. എന്നാൽ ഇക്കുറി സിപിഐഎംഎൽ 7 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.ദരൗണ്ട, പാലിഗഞ്ച്, അറാ, ഡുംറോൺ, കാരക്കാട്ട്, അർവാൾ, ഘോഷി മണ്ഡലങ്ങളിലാണ് സിപിഐഎംഎൽ ലീഡ് ചെയ്യുന്നത്. പല ഇടതുകോട്ടകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ഇടതുകോട്ടയായിരുന്ന അഗൗൻ, തരാരി, അർവാൾ എന്നിവിടങ്ങളിൽ ബിജെപി സ്ഥാനാർഥികളും സിക്‌ത, സിറാദെ, ഡുംറോൺ മണ്ഡലങ്ങളിൽ ജെഡിയുവും ബൽറാംപുർ, ധരൗലി മണ്ഡലങ്ങളിൽ എൽജെപിയും മികച്ച ലീഡ് നില നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ വിജയിച്ചതിൽ ഫുൽവാരി, പാലിഗഞ്ച്, കാരാക്കാട്ട്, ഷോഷി എന്നിവ മാത്രമാണ് സിപിഐഎംഎല്ലിനെ കൈവിടാതിരിക്കുന്നത്.

അതേസമയം ബിഹാറില്‍ ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് എന്‍ഡിഎ. ബിജെപി പട്ന ഓഫീസിൽ വൻ വിജയാഘോഷ മുന്നൊരുക്കങ്ങൾ തുടങ്ങി. ബിഹാറില്‍ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎക്ക് വന്‍ മുന്നേറ്റമാണ്. നിതീഷ് കുമാര്‍ തുടരും എന്ന് തന്നെയാണ് ലീഡ് നിലയില്‍ പ്രതിഫലിക്കുന്നത്. അതേസമയം ബിഹാറിൽ നിതീഷ്‌ കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ബിജെപി അറിയിച്ചു.

Read more