ബേട്ടി ബച്ചാവോ, ബേഠി പഠാവോ: സംസ്ഥാനങ്ങൾക്ക് നൽകിയ 78.91 ശതമാനം ഫണ്ടും ചെലവിട്ടത് പരസ്യത്തിന്

കേന്ദ്രത്തിന്റെ ബേട്ടി ബച്ചാവോ, ബേഠി പഠാവോ പദ്ധതിക്ക് കീഴിൽ സംസ്ഥാനങ്ങൾക്ക് നൽകിയ മൊത്തം ഫണ്ടിൽ 78.91 ശതമാനവും പരസ്യങ്ങൾക്കായി ഉപയോഗിച്ചതായി വനിതാ ശാക്തീകരണ സമിതി വ്യാഴാഴ്ച ലോക്സഭയിൽ അറിയിച്ചു.

848 കോടി രൂപ ബജറ്റിൽ 156.46 കോടി രൂപ മാത്രമാണ് അഞ്ച് വർഷത്തിനിടെ ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതി നടപ്പാക്കാൻ ചെലവഴിച്ചതെന്ന് സമിതി റിപ്പോർട്ടിൽ, ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ ബിജെപി ലോക്‌സഭാ എം.പി ഹീന വിജയകുമാർ ഗാവിറ്റാണ് സമിതിയുടെ അധ്യക്ഷ.

2015-ൽ ആരംഭിച്ച ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പെയ്‌ൻ, ഇന്ത്യയിലെ പെൺകുട്ടികൾക്കായി ഉദ്ദേശിച്ചിട്ടുള്ള ക്ഷേമ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.

അഞ്ച് വർഷത്തിനിടെ പദ്ധതിക്കായി 848 കോടി രൂപ അനുവദിച്ചതിൽ 622.48 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചതായി വനിതാ ശാക്തീകരണ സമിതി വ്യാഴാഴ്ച അറിയിച്ചു. 2016 നും 2019 നും ഇടയിൽ സംസ്ഥാനങ്ങൾക്ക് നൽകിയ 446.72 കോടി രൂപയിൽ 78.91% പരസ്യങ്ങൾക്ക് മാത്രമാണ് ചെലവഴിച്ചതെന്ന് സമിതി ചൂണ്ടിക്കാട്ടി.

സ്‌കീമിന്റെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനങ്ങളിലൊന്നായ വനിതാ ശിശുവികസന മന്ത്രാലയം സംസ്ഥാനത്തിന്റെ പക്കൽ ഫണ്ട് ബാക്കിയുണ്ടെങ്കിലും അധിക പണം അനുവദിക്കുന്നുണ്ടെന്നും സ്ത്രീ ശാക്തീകരണ സമിതി പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ബേട്ടി ബച്ചാവോ, ബേട്ടി പഠാവോയ്‌ക്ക് കീഴിലുള്ള ഇടപെടലുകൾക്കായി സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ ചെലവഴിക്കുന്നതിനെ കുറിച്ച് വനിത-ശിശു വികസന മന്ത്രാലയത്തിന് വ്യതിരിക്തമായ വിവരങ്ങളില്ലെന്നും സമിതി കണ്ടെത്തി.

പദ്ധതിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ വനിതാ ശിശു വികസന മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. “വിദ്യാഭ്യാസം ആരോഗ്യം എന്നിവയ്ക്ക് മേഖലാതലത്തിലുള്ള ഇടപെടലുകൾക്കായി ഫണ്ട് നൽകുന്നത് ആസൂത്രിതമായിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം,” റിപ്പോർട്ട് പ്രസ്താവിച്ചു.