സഹായം നല്‍കുന്നതിനാണ് കേസെങ്കില്‍ തുടരും; ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പഠിച്ച എത്ര കുട്ടികള്‍ മതം മാറ്റപ്പെട്ടിട്ടുണ്ട്; കണക്ക് പുറത്തുവിടൂ; സര്‍ക്കാരിനെതിരെ ബിഷപ്പ്

കര്‍ണാടക സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബെംഗളുരു രൂപതാ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ. ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കിയതിന്റെ പേരില്‍ തനിക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുക്കുമെങ്കില്‍ താന്‍ ഇനിയും അതു തുടരുമെന്ന് അദേഹം വ്യക്തമാക്കി.

മതപരിവര്‍ത്തനനിരോധനനിയമത്തില്‍ സൗജന്യം നല്‍കി മതം മാറ്റരുതെന്ന പരാമര്‍ശമുണ്ട്. സൗജന്യം നല്‍കുന്നത് നിര്‍ത്തുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് ചോദിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്നത് തെറ്റാണെങ്കില്‍ അത് ഞാനിനിയും ഇരട്ടി ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. നല്ലത് ചെയ്യുന്നതില്‍ നിന്ന് നമ്മളെ തടയാന്‍ ആര്‍ക്കുമാകില്ല. സ്‌കൂളുകളില്‍ എത്ര ബൈബിളുണ്ടെന്ന് കണക്കെടുക്കാന്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എത്ര കുട്ടികള്‍ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് മതം മാറ്റപ്പെട്ടു എന്ന കണക്കെടുക്കട്ടെ. അത് പുറത്തുവിടട്ടെ. ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പഠിച്ച എത്ര കുട്ടികള്‍ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് പുറത്തുവിടാനും ബിഷപ്പ് സര്‍ക്കാരിനെ വെല്ലുവിളിച്ചു.

ഇന്നത്തെ കാലത്ത് വിശ്വാസം വെല്ലുവിളി നേരിടുന്നുവെന്നും ക്രിസ്റ്റ്യാനിറ്റി ലോകത്തിന് പ്രതീക്ഷയാണെന്നും മച്ചാഡോ പറഞ്ഞു. ചികിത്സയും വിദ്യാഭ്യാസവും നല്‍കുന്നത് മതപരിവര്‍ത്തനമായിട്ടാണ് കണക്കാക്കുന്നതെങ്കില്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിയോടെ തുടരുമെന്നും പീറ്റര്‍ മച്ചാഡോ പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവയ്ക്ക് ബെംഗളുരുവില്‍ നല്‍കിയ സ്വീകരണചടങ്ങിലായിരുന്നു സര്‍ക്കാരിനെതിരെ അദേഹം ആഞ്ഞടിച്ചത്.

ബെംഗളുരു ക്ലാരന്‍സ് സ്‌കൂളില്‍ ബൈബിള്‍ നിര്‍ബന്ധമാക്കിയെന്ന തരത്തില്‍ തീവ്ര ഹിന്ദു സംഘടനകള്‍ ഉന്നയിച്ച ആരോപണങ്ങളും അദ്ദേഹം കടുത്ത വിമര്‍ശനത്തോടെ തള്ളി. കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം പാസ്സാക്കിയപ്പോള്‍ത്തന്നെ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നതാണ്. തെരഞ്ഞെടുപ്പ് കാലത്ത് ക്രിസ്ത്യന്‍ സമൂഹത്തിന്റെ അടക്കം ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണായകമാകുന്ന മേഖലകളില്‍ ബിഷപ്പിന്റെ വാക്കുകള്‍ സ്വാധീനം ചെലുത്തിയേക്കും.