ഭരണഘടനയുടെ സംരക്ഷകയായി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു; ദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് യശ്വന്ത് സിന്‍ഹ

നിയുക്ത ഇന്ത്യന്‍ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് യശ്വന്ത് സിന്‍ഹ ആശംസ അറിയിച്ചത്.

‘രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ച ദ്രൗപദി മുര്‍മുവിനെ എല്ലാവര്‍ക്കുമൊപ്പം ഞാനും അഭിനന്ദിക്കുന്നു. രാഷ്ട്രപതി എന്ന നിലയില്‍ ഭയമോ പക്ഷപാതമോ കൂടാതെ പ്രവര്‍ത്തിക്കാനാവട്ടെ. കൂടാതെ ഭരണഘടനയുടെ സംരക്ഷകയായി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു’ സിന്‍ഹ ട്വീറ്റ് ടെയ്തു.

60 ശതമാനത്തിലധികം വോട്ട് നേടിയാണ് ദ്രൗപദി മുര്‍മു ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗോത്ര വര്‍ഗ പശ്ചാത്തലത്തില്‍ നിന്നെത്തി ആദ്യമായി ഇന്ത്യന്‍ പ്രസിഡന്റാകുന്ന വ്യക്തിയാണ് സന്താള്‍ വിഭാഗക്കാരിയായ ദ്രൗപദി മുര്‍മു.

Read more

എന്‍ഡിഎ സ്ഥാനാര്‍ത്ഥി 64.03 ശതമാനം വോട്ടുകളും യശ്വന്ത് സിന്‍ഹ 35.97 ശതമാനം വോട്ടുകളും നേടി.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ മുര്‍മുവിനെ സന്ദര്‍ശിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആഘോഷങ്ങള്‍ നടന്നു. നിയുക്ത രാഷ്ട്രപതിയായ മുര്‍മു ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.