കര്‍ണാടകയില്‍ ഉത്സവസ്ഥലങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്കുമായി സംഘാടകരെന്ന് റിപ്പോര്‍ട്ട്. കോസ്റ്റല്‍ കര്‍ണാടക ഭാഗത്താണ് മുസ്ലിം കച്ചവടക്കാരെ പ്രാദേശിക മേളകളില്‍നിന്ന് മാറ്റിനിര്‍ത്തിയത്. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം. ഹൈക്കോടതിയുടെ ഹിജാബ് വിധിക്ക് ശേഷം മുസ്ലിംകള്‍ നടത്തിയ ബന്ദിന് ശേഷം ഉത്സവങ്ങളില്‍ അവരെ വിലക്കിയതായാണ് വാര്‍ത്തകളിലുള്ളത്.
ഏപ്രില്‍ 20ന് നടക്കുന്ന മഹാലിംഗേശ്വര ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന്റെ ലേലത്തില്‍നിന്ന് മുസ്ലിംകളെ വിലക്കിയിരിക്കുകയാണ്. മാര്‍ച്ച് 31 ന് നടക്കുന്ന ലേലത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന് അവരുടെ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉഡുപ്പി ജില്ലയിലെ കൗപ്പിലുള്ള ഹോസ മാരിഗുഡി ക്ഷേത്രത്തിലും സമാന നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 18നാണ് ഇവിടെ ലേലം നടക്കുന്നത്.
ഹിന്ദുക്കള്‍ക്ക് മാത്രം കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയാല്‍ മതിയെന്ന് കമ്മിറ്റി തീരുമാനിച്ചതായാണ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രമേഷ് ഹെഗ്ഡെ അറിയിക്കുന്നത്. ഹിജാബ് വിലക്കിനെതിരെ മുസ്ലിംകള്‍ കടയടച്ചത് ക്ഷേത്രത്തിലെത്തുന്നവരെ പ്രകോപിപ്പിച്ചെന്നാണ് ഹിന്ദു ജാഗരണ വേദികെ മംഗളൂരു ഡിവിഷന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കുക്കെഹള്ളി പറയുന്നത്.
Read more
‘നിയമത്തെയും ഭൂമിയെയും മാനിക്കാത്തവരും നമ്മള്‍ ആരാധിക്കുന്ന പശുവിനെ കൊല്ലുന്നവരും ഐക്യത്തിന് എതിരു നില്‍ക്കുന്നവരും ഇവിടെ കച്ചവടം ചെയ്യാന്‍ പാടില്ല’ എന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബാപ്പനാഡി ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തില്‍ എഴുതിവെച്ചിരിക്കുന്നത്. എന്നാല്‍ ആരാണ് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും പരാതി നല്‍കിയാല്‍ നിയമസംഘവുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് ഭാഷ്യം.