ബാബറി മസ്ജിദ് ആയിരുന്നു, ആണ്, അങ്ങനെ തന്നെ തുടരുകയും ചെയ്യും: അസദുദ്ദീന്‍ ഉവൈസി

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് അവിടെ മുമ്പ് ഉണ്ടായിരുന്ന ബാബറി മസ്ജിദിന്റെ അസ്തിത്വത്തെ ഇല്ലാതാകുന്നില്ല എന്ന് സൂചിപ്പിക്കുന്ന പരാമർശവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. “ബാബറി മസ്ജിദ് ആയിരുന്നു, ആണ്, അങ്ങനെ തന്നെ തുടരുകയും ചെയ്യും, ഇന്‍ശാ അല്ലാഹ്” എന്നാണ് ബാബറി സിന്ദാ ഹെ എന്ന ഹാഷ്‌ടാഗോടെ അസദുദ്ദീന്‍ ഉവൈസി ട്വിറ്ററിൽ കുറിച്ചത്.

അതേസമയം അയോദ്ധ്യയിൽ രാമ ക്ഷേത്രത്തിന്റെ ഭൂമി പൂജ അല്ലെങ്കിൽ ശിലാന്യാസം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. 29 വർഷത്തിനുശേഷമാണ് നരേന്ദ്ര മോദി അയോദ്ധ്യയിൽ മടങ്ങിയെത്തുന്നത്. കഴിഞ്ഞ വർഷം സുപ്രീം കോടതി ഹിന്ദുക്കൾക്ക് ഉടമസ്ഥാവകാശം കൈമാറുന്നതുവരെ പതിറ്റാണ്ടുകളായി തർക്കത്തിലായിരുന്ന സ്ഥലത്താണ് ക്ഷേത്ര നിർമ്മാണം നടക്കുക. 40 കിലോഗ്രാം വെള്ളി ഇഷ്ടിക സ്ഥാപിക്കുന്നതിന് മുമ്പ് വിവിധ പ്രാർത്ഥനകളിൽ മോദി പങ്കെടുത്തു.

ഹിന്ദുക്കളും മുസ്ലിങ്ങളും അവകാശമുന്നയിച്ച അയോദ്ധ്യയിലെ 2.77 ഏക്കർ ഭൂമി ക്ഷേത്രം പണിയുന്നതിനായി സർക്കാർ നടത്തുന്ന ട്രസ്റ്റിന് കൈമാറുമെന്ന് സുപ്രീംകോടതിയുടെ അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വർഷം വിധിച്ചിരുന്നു. അയോദ്ധ്യയിലെ മറ്റൊരു സ്ഥലത്ത് മുസ്ലിങ്ങൾക്കായി അഞ്ച് ഏക്കർ സ്ഥലവും കോടതി പ്രഖ്യാപിച്ചിരുന്നു. ഒരു പുരാതന രാമക്ഷേത്രം പ്രസ്തുത സ്ഥലത്ത് നിന്നിരുന്നുവെന്ന് അവകാശപ്പെട്ട് ‘കർസേവകർ’ 1992 ഡിസംബർ 6- ന് അയോദ്ധ്യയിലെ പള്ളി പൊളിച്ചുമാറ്റുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പള്ളി പൊളിച്ചു മാറ്റിയ കേസിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ കെ അദ്വാനി പ്രത്യേക സി.ബി.ഐ കോടതിയിൽ മൊഴി രേഖപ്പെടുത്തിയിരുന്നു. മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷിയുടെ മൊഴിയും പ്രത്യേക കോടതി രേഖപ്പെടുത്തിയിരുന്നു. രാമക്ഷേത്ര പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ അദ്വാനിയും ജോഷിയും ഉണ്ടായിരുന്നു. അയോദ്ധ്യയിലെ ബാബറി പള്ളി പൊളിച്ചു മാറ്റാൻ ‘കർസേവകർക്കൊപ്പം’ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം ആണ് ബി.ജെ.പി നേതാക്കൾ നേരിടുന്നത്.