സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തെ കുറിച്ച് സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തില്‍ നെക്‌സസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കോടതി ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചത്.
എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്ന അധ്യാപക നിയമനം ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞു. നിയമനം സുതാര്യമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന് ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ പത്ത് അധ്യാപകര്‍ അവരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Read more
ഈ ഹര്‍ജി പരിഗണിക്കവേയാണ് എയ്ഡഡ് നിയമനം സംബന്ധിച്ച ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചത്. നിയമനത്തിന് നിലവിലെ രീതി എങ്ങനെ, ഇതില്‍ മാനേജര്‍മാര്‍ക്കുള്ള അധികാരങ്ങള്‍ എന്തൊക്കെ, സര്‍ക്കാരിന് ഇക്കാര്യത്തിലുള്ള അധികാരം എന്ത്, ഭാവിയില്‍ എയ്ഡഡ് നിയമനങ്ങള്‍ സുതാര്യമായി നടത്തുന്നതിന് എന്ത് തിരഞ്ഞെടുപ്പ് പ്രക്രിയയായിരിക്കണം നടപ്പാക്കേണ്ടത് എന്നീ കാര്യങ്ങളാണ് സര്‍ക്കാര്‍ വിശദീകരിക്കേണ്ടത്.