ആയുര്‍വേദ ചികിത്സ; കേരളമാതൃകയെ പ്രശംസിച്ച് പ്രധാനമന്ത്രി

കേരളത്തിലെ ആയുര്‍വേദ ചികിത്സയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ വിനോദ സഞ്ചാരം വളരുന്നതിന്റെ പ്രധാന കാരണം ആയുര്‍വേദ ചികിത്സയാണ്. കേരളത്തിലെ ആയുര്‍വേദ ടൂറിസം രാജ്യമൊട്ടാകെ വ്യാപിപ്പിക്കണം. അതിനുള്ള സാധ്യത ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ആയുഷ് ആഗോളനിക്ഷേപക-ഗവേഷകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഹീല്‍ ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ആയുര്‍വേദം, സിദ്ധ, യുനാനി എന്നിങ്ങനെയുള്ള പരമ്പരാഗത ചികിത്സാരീതികള്‍ക്കായുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കാനാകും. ചികിത്സിക്കായി ഇന്ത്യയില്‍ എത്തുന്ന വിദേശികള്‍ക്കായി ആയുഷ് വിസ കാറ്റഗറി ആരംഭിക്കുമെന്നും മോദി പറഞ്ഞു. കേരളത്തിലെ ആയുര്‍വേദ ചികിത്സയിലൂടെ കെനിയന്‍ മുന്‍പ്രധാനമന്ത്രിയുടെ മകളുടെകണ്ണിന് കാഴ്ച തിരിച്ചുകിട്ടിയ സംഭവം ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

2017ലാണ് കെനിയയുടെ മുന്‍ പ്രധാനമന്ത്രി റെയിലാ ഒഡിംഗയുടെ മകള്‍ 44കാരിയായ റോസ് മേരിയുടെ കാഴ്ച്ച നഷ്ടപ്പെട്ടത്. കണ്ണിലെ ഞെരമ്പുകളുടെ ബലക്ഷയത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും കാഴ്ച്ച നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലും ഇസ്രായേലിലും ചൈനയിലുമെല്ലാം ഒട്ടനവധി ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് കേരളത്തിലെ ആയുര്‍വ്വേദ ചികിത്സയെക്കുറിച്ച് അറിഞ്ഞ് ഇവിടെയെത്തിയത്. 2019ല്‍ കൂത്താട്ടുകുളത്തെശ്രീധരീയം ആയുര്‍വ്വേദിക് ഐ ഹോസ്പ്പിറ്റലിലാണ് അവര്‍ ചികിത്സ തേടിയത്. ചികിത്സയ്ക്ക് ശേഷം മടങ്ങിപ്പോകുമ്പോള്‍ ഒഡിംഗ തന്നെ സന്ദര്‍ശിക്കുകയും ഈ പാരമ്പര്യചികിത്സ ലോകമെങ്ങും പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.